ഭീകരരെ ജർമനി തീറ്റിപ്പോറ്റുന്നു: എർദോഗൻ
Tuesday, August 9, 2016 8:23 AM IST
അങ്കാറ: ഭീകരർക്ക് തീറ്റ കൊടുക്കുന്ന തരത്തിലുള്ള നടപടിയാണു ജർമനിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു തുർക്കി പ്രസിഡന്റ് എർദോഗാൻ. ഇസ്താംബുളിൽ നടന്ന ജനാധിപത്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ജർമനിയിലെ കൊളോണിലും തുർക്കിവംശജർ സമാന റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെ എർദോഗൻ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഈ അഭിസംബോധനയ്ക്ക് ജർമൻ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.

ജർമനിയുടെ ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും എർദോഗൻ ആരോപിച്ചു. കൊളോണിൽ നടത്തിയ മറ്റൊരു പ്രകടനത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്യാൻ ഒരു കുർദിഷ് കമാൻഡർക്ക് ജർമനി നേരത്തെ അനുമതി നൽകിയിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരർക്കു തീറ്റ കൊടുക്കുകയാണു ജർമനി ചെയ്യുന്നത്. ഇതു ബൂമറാങ് പോലെ തിരിച്ചടിക്കുമെന്നും എർദോഗന്റെ മുന്നറിയിപ്പ്.

ജർമനിയുമായി അകലുന്നതിനൊപ്പം റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും എർദോഗൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി അദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിൽ പോയി പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തും. നേരത്തെ, സിറിയൻ അതിർത്തിയിൽ തുർക്കി ഒരു റഷ്യൻ വിമാനം വെടിവച്ചിട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ