‘സൽമാൻ രാജാവിന്റെ പ്രഖ്യാപനം ലോകത്തിനു മാതൃക’
Wednesday, August 10, 2016 4:37 AM IST
ജിദ്ദ: മുപ്പതു ലക്ഷം ഇന്ത്യക്കാർക്ക് അന്നം നൽകുന്ന രാജ്യത്തിന്റെ സമാദരണീയനായ ഭരണാധികാരി സൽമാൻ രാജാവ് കഷ്‌ടപ്പെടുന്ന തൊഴിലാളികൾക്കുവേണ്ടി നടത്തിയ ഉജ്വല പ്രഖ്യാപനം സൗദി ഉയർത്തിപ്പിടിക്കുന്ന മനുഷ്യത്വവും ആർദ്രതയുമാണു വെളിവാക്കുന്നതെന്നു ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇന്ത്യക്കെന്നല്ല, ലോകത്തിനുതന്നെ മാതൃകയായ പ്രഖ്യാപനം കാലങ്ങളായി സൗദി കാത്തു സൂക്ഷിക്കുന്ന മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. ജീവകാരുണ്യത്തിന്റേയും മനുഷ്യാവകാശത്തിന്റെയും പ്രതീകമായ തിരുഗേഹങ്ങളുടെ സേവകൻ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചതിനെ കമ്മിറ്റി അഭിനന്ദിച്ചു. ഇതോടൊപ്പം തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരിധിവാസത്തിനു കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ അടിയന്തര നടപടികൾ ഇടപെടേണ്ടതുണ്ട്. അവരുടെ നിത്യചെലവിനും മക്കളുടെ വിദ്യാഭ്യാസത്തിനും പ്രത്യേക പരിഗണന നൽകണം. പ്രവാസികളുടെ ക്ഷേമത്തിന് അവർ തന്നെ നൽകുന്ന എമിഗ്രേഷൻ ഫണ്ടുകളിൽ നിന്ന് വക കണ്ടെത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്റഫ് മൊറയൂർ, ഇ.എം. അബ്ദുള്ള, ഫയാസ് അഹമ്മദ് ചെന്നൈ, ഹാരിസ് മംഗലാപുരം, മുജാഹിദ് പാഷ ബംഗളൂരു, ഫയാസുദ്ദീൻ ബിഹാർ, ഹനീഫ കടുങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ