ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് വിവരം ചോരുന്നു
Wednesday, August 10, 2016 8:22 AM IST
ബർലിൻ: തൊണ്ണൂറു കോടി ആൻഡ്രോയ്ഡ് ഫോണുകളിലെ വിവരങ്ങൾ സുരക്ഷാഭീഷണി നേരിടുന്നതായി ഗവേഷകർ. യുഎസ് കമ്പനിയായ ക്വാൽകോം നിർമിച്ച ചിപ്പുകൾ ഉപയോഗിക്കുന്ന ഫോണുകൾക്കാണ് പ്രശ്നം.

ചിപ്പുകളിലെ സോഫ്റ്റ്വെയറുകൾ പുനഃസംവിധാനിക്കുന്നതിനു നടത്തിയ അന്വേഷണത്തിലാണ് വൈറസ് ഭീഷണി നിലനിൽക്കുന്നതായി കണ്ടത്. ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയറിലാണ് ഭീഷണി നിലനിൽക്കുന്നത്.

കോഡിലെ വീഴ്ച ഇതുവരെ ഹാക്കർമാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഏതാനും മാസത്തിനകം തന്നെ ഇതു പരസ്യമാവാൻ ഇടയുണ്ടെന്നും ഗവേഷണം നടത്തിയ ചെക്പോയന്റ് റിസർച്ചേഴ്സ് പറയുന്നു. ബ്ലാക്ബെറി പ്രിവ്, ഗൂഗിൾ നെക്സ് അഞ്ച് എക്സ്, നെക്സസ് ആറ്, നെക്സസ് ആറ് പി, എച്ച്ടിസി വൺ, എച്ച്ടിസിഎം ഒമ്പത്, എച്ച്ടിസി 10, എൽജി ജിനാല്, മോട്ടോ എക്സ്, സാംസംഗ് ഗാലക്സി എസ് ഏഴിന്റെയും എഡ്ജിന്റെയും യുഎസ് പതിപ്പുകൾ തുടങ്ങിയ ഫോണുകളിലെ വിവരങ്ങൾ ചോർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ