പാരീസ് ഉച്ചകോടി: ലക്ഷ്യങ്ങൾ നേടാതെ തുടക്കത്തിലേ പാളുന്നു
Wednesday, August 10, 2016 8:23 AM IST
ലണ്ടൻ: കഴിഞ്ഞ ഡിസംബറിൽ നടത്തിയ പാരിസ് കാലാവസ്‌ഥ ഉച്ചകോടിയുടെ ലക്ഷ്യം ഈ വർഷം തന്നെ തകരുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ശാസ്ത്രജ്‌ഞർ രംഗത്ത്.

ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം. ഇതു നടക്കാൻ പോകുന്നില്ലെന്നു യുകെയിലെ റീഡിംഗ് സർവകലാശാലയിലെ പ്രമുഖ കാലാവസ്‌ഥ നിരീക്ഷണ വിദഗ്ധനായ എഡ് ഹോക്കിൻസ് കണക്കുകൾ സഹിതം പ്രവചിക്കുന്നു.

കഴിഞ്ഞ വർഷം ഒരു മാസമൊഴികെ എല്ലാ മാസത്തിലും ആഗോള താപനം ഒന്നിനു മുകളിൽ കടന്നിട്ടുണ്ട്. 2015 ഫെബ്രുവരിയിലും മാർച്ചിലും ഇത് 1.38 ഡിഗ്രി സെൽഷ്യസ് വരെയത്തെി. ഇങ്ങനെയെങ്കിൽ, എട്ടു മാസം മുമ്പ് മാത്രം പാരിസിൽ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ ചേർന്നെടുത്ത തീരുമാനം പാലിക്കുക എളുപ്പമായിരിക്കില്ലെന്നാണ് എഡ്ഹോക്കിൻസ് ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാൻഫഡ് സർവകലാശാലയിലെ ക്രിസ് ഫീൽഡും ഇക്കാര്യം അംഗീകരിക്കുന്നു.

ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഈ മാസം ജനീവയിൽ ഐക്യരാഷ്ര്‌ടസഭയുടെ ആഭിമുഖ്യത്തിൽ വിവിധ സർക്കാരുകളുടെ സമിതി ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പുതിയ മുന്നറിയിപ്പ്. ഇതനുസരിച്ച്, ലക്ഷ്യം നിറവേറ്റാൻ കടുത്ത നടപടികൾ ശിപാർശ ചെയ്യേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.

ആഗോള താപനില രണ്ടിൽ നിജപ്പെടുത്തണമെന്നാണ് പാരിസ് ഉച്ചകോടിയിൽ ആദ്യം ധാരണയായതെങ്കിലും 1.5 ഡിഗ്രിക്ക് താഴെനിർത്താൻ ശ്രമിക്കുമെന്നു തീരുമാനിക്കുകയായിരുന്നു.

വ്യവസായപൂർവ കാലഘട്ടത്തിൽ ഉഷ്ണകാലാവസ്‌ഥയുടെ സാധ്യത ആയിരത്തിൽ ഒരു ദിവസമായിരുന്നെങ്കിൽ ഇന്ന് അത് അഞ്ചു മടങ്ങ് വർധിച്ചിട്ടുണ്ട്. 1.5 ഡിഗ്രിയിൽ എത്തുന്നതോടെ, സാധ്യത പിന്നെയും ഇരട്ടിയാവും. അത് രണ്ടു ഡിഗ്രിയിൽ എത്തുന്നതോടെ, വെള്ളപ്പൊക്കവും വരൾച്ചയും പലമടങ്ങ് വർധിക്കാൻ കാരണമാവുമെന്നു സൂറിക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറ്റ്മോസ്ഫറിക് ആൻഡ് ക്ലൈമറ്റ് സയൻസിലെ ഗവേഷകനായ എറിക് ഫിഷർ മുമ്പ് പറഞ്ഞിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ