കേന്ദ്രമന്ത്രിക്കിതു പ്രണയസാഫല്യം
Wednesday, August 10, 2016 8:24 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുൽ സുപ്രിയോയ്ക്കു പ്രണയ സാഫല്യം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എയർ ഹോസ്റ്റസ് ആയ രചന ശർമയെ ആണ് മന്ത്രി വിവാഹം ചെയ്തത്.

അശോക ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും അടക്കം വിവിഐപികളുടെ സാന്നിധ്യത്തിലായിരുന്നു യുവ മന്ത്രിയുടെ മിന്നുകെട്ട്. എൽ.കെ. അഡ്വാനി, രാജ്നാഥ് സിംഗ്, ദിഗ്വിജയ് സിംഗ്, വെങ്കയ്യ നായിഡു, സ്പീക്കർ മീരാ കുമാർ, ജ്യോതിരാദിത്യ സിന്ധ്യ, ശശി തരൂർ എന്നിവർ മുതൽ സംഗീത സംവിധായകൻ അനു മാലിക് വരെയുള്ളവർ ബാബുളിനു വിവാഹ മംഗളങ്ങൾ നേരാനെത്തി.

രണ്ടു വർഷം മുമ്പ് കോൽക്കത്തയിൽ നിന്നു മുംബൈയിലേക്കുള്ള ഒരു വിമാന യാത്രയ്ക്കിടെ പരിചയപ്പെട്ട രചന ശർമയുമായി പ്രണയത്തിലാവുകയായിരുന്നുവെന്നു ബാബുൾ പറഞ്ഞു. പ്രണയം തുടങ്ങിയ ശേഷമാണു ബാബുളിനെ കേന്ദ്ര ഘനവ്യവസായ സഹമന്ത്രിയാക്കിയത്. ജെറ്റ് എയർവേസിലെ ജീവനക്കാരിയായ രചന ഡൽഹിയിലാണു താമസം. ബംഗാളിയായ ബാബുൾ കേന്ദ്രമന്ത്രിയാകുന്നതു വരെ കോൽക്കത്തയിലായിരുന്നു സ്‌ഥിരതാമസം.

ബാബുളിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ റിയയിൽ ഒരു മകളുണ്ട്.