ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് 74 ലക്ഷം നഷ്ടപരിഹാരം
Wednesday, August 10, 2016 8:25 AM IST
മസ്ക്കറ്റ്: ഒമാനിലെ ബർക്കയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റിയ പാലക്കാട് തൃത്താല ആലൂർ സ്വദേശി കോരക്കോട്ട് വീട്ടിൽ അൻവർ സാദിഖിനാണ് 42,500 ഒമാനി റിയാൽ (ഏതാണ്ട് 74 ലക്ഷം ഇന്ത്യൻ രൂപ) നഷ്‌ടപരിഹാരമായി നൽകാൻ റുസ്താഖ് അപ്പീൽ കോടതി വിധിച്ചത്.

ബർക്കയിൽ തയ്യൽ കടയിൽ ജോലിചെയ്യുകയായിരുന്ന ഇദ്ദേഹം സുഹൃത്തുമായി നടപ്പാതയിൽകൂടി നടക്കുമ്പോൾ പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന ടിപ്പറിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ തലച്ചോറിന് ക്ഷതമേൽക്കുകയും തോളെല്ല് പൊട്ടുകയും ചെയ്ത അൻവർ സാദിഖിനെ ബർക്ക ആശുപത്രിയിലും തുടർന്നു സുൽത്താൻ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 15 ദിവസത്തോളം അബോധാവസ്‌ഥയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് വൈക്കത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ദീർഘനാളത്തെ ചികിത്സക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിനെ നാട്ടിലേക്ക് വിടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തത് സോഷ്യൽ ഫോറം, കെഎംസിസി, വി ഹെൽപ് തുടങ്ങിയ സംഘടനകളാണ്.

ജീവിതകാലം മുഴുവൻ പരാശ്രയം വേണമെന്നതും ചെറുപ്പവും വിധി പറയുന്നതിൽ കോടതി പരിഗണിച്ചുവെന്ന് കേസ് വാദിച്ച അഡ്വക്കേറ്റ് എം.കെ. പ്രസാദ് പറഞ്ഞു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം