ഡെങ്കിപ്പനി: കർണാടക മൂന്നാമത്
Thursday, August 11, 2016 5:57 AM IST
ബംഗളൂരു: രാജ്യത്ത് ഈവർഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്‌ഥാനങ്ങളുടെ പട്ടികയിൽ കർണാടക മൂന്നാമത്. 2,610 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4,060 കേസുകളുമായി കേരളമാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നിലുള്ള ഒഡീഷയിൽ 2,683 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം ഡൽഹിയും പഞ്ചാബുമാണ് കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്‌ഥാനങ്ങൾ. ഡൽഹിയിൽ ഈവർഷം 90 കേസുകളും പഞ്ചാബിൽ 18 കേസുകളും മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം ഡൽഹിയിൽ 60 ഡെങ്കിപ്പനി മരണങ്ങൾ ഉൾപ്പെടെ 15,867 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.