സന്ദർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ അൽഫോൻസാസമ്മയുടെ തിരുനാൾ സെപ്റ്റംബർ 17ന്
Thursday, August 11, 2016 7:34 AM IST
സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻഡ് സെന്റ്
ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 17നു (ശനി) ആഘോഷിക്കുന്നു.

രാവിലെ 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ അബർഡീൻ രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ. ജോസഫ് പിണക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. പൗരോഹിത്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഹെക്സം ആൻഡ് ന്യൂകാസിൽ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിനു സന്ദർലാൻഡ് സീറോ മലബാർ സമൂഹത്തിന്റെ ആദരം സമർപ്പിക്കുന്ന തിരുനാൾ
കുർബാനയിൽ രൂപതയിലെ പത്തോളം വൈദികർ സഹാകാർമികരാകും.

തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു തിരുനാൾ പ്രദക്ഷിണം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു സ്റ്റീൽസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് ജോസഫ്സ് പ്രൈമറി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ് മൗറീൻ ഗാൽബ്രെയ്ത് മുഖ്യാതിഥിയാകും. തുടർന്നു നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്‌തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളും ബോൾട്ടൻ വി. ഫോർ മ്യൂസിക് ബാൻഡിന്റെ ഗാനമേള, സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടിയും അരങ്ങേറും.

സെപ്റ്റംബർ എട്ടിനു (വ്യാഴം) കൊടിയേറ്റുന്നതോടെ ആരംഭിക്കുന്ന ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യൂണിറ്റ് അംഗങ്ങൾ നേതൃത്വം നല്കും. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.

ഓഗസ്റ്റിലെ മലയാളം കുർബാന 13നു (ശനി) 11നു സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും.

<ആ>റിപ്പോർട്ട്: മാത്യു ജോസഫ്