സൗദിയിൽ സ്കൂൾ വിദ്യാർഥികൾക്കു സേവന പരിശീലനം നിർബന്ധമാക്കുന്നു
Thursday, August 11, 2016 7:45 AM IST
ദമാം: സ്കൂൾ വിദ്യാർഥികൾക്കു നിർബന്ധിത സേവന പരിശീലനം ഉറപ്പാക്കാൻ സൗദി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. പൊതുസമൂഹത്തിനു ഉപകാരപ്രദമാകുന്ന സേവന മനോഭാവം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതനുസരിച്ച് വിദ്യാർഥികൾക്കു ആഴ്ചയിൽ നാലുമണിക്കൂർ സേവന പരിശീലനം നൽകിയിരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അൽ ഈസാ ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് സൗദിയിലെ എല്ലാ സ്കൂളുകൾക്കും ബാധകമാണ്.

മരങ്ങളുടെ തൈ നട്ടുപിടിപ്പിക്കൽ, സ്കൂളുകൾ, ആശുപത്രികൾ, മറ്റു പൊതുസ്‌ഥലങ്ങൾ വൃത്തിയാക്കൽ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെയാണ് വിദ്യാർഥികൾക്ക് പരീശീലനം നൽകുക.

പുതിയ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കും. ആദ്യ വർഷം ആഴ്ചയിൽ രണ്ടു മണിക്കൂറും പിന്നീട് ഓരോ വർഷം ഓരോ മണിക്കൂർ വർധിപ്പിച്ച് നാലുമണിക്കൂർ വിദ്യാർഥികൾ ഇത്തരം സേവന പ്രവർത്തികളിൽ ഏർപ്പെടുന്ന നിലയ്ക്കു പദ്ധതി നടപ്പിലാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം