വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു
Thursday, August 11, 2016 11:28 PM IST
തിരുവനന്തപുരം: വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരം–ബഹ്റിൻ ഗൾഫ് എയർ വിമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർ ബഹളംവച്ചത്.

രാവിലെ ഒൻപതോടെ ബഹ്റിനിൽ നിന്നും എത്തേണ്ട വിമാനം 9.40 കഴിഞ്ഞിട്ടും തിരുവനന്തപുരത്ത് എത്തിയില്ല. ഈ വിമാനം 10.30ന് ബഹ്റിനിലേക്ക് പുറപ്പെടേണ്ടതായിരുന്നു. വിമാനം എത്താൻ വൈകിയതിനെ തുടർന്നാണ് യാത്രക്കാർ ബഹളംവച്ച് പ്രതിഷേധിച്ചത്. എന്നാൽ വിമാനത്തിന് സാങ്കേതിക തകരാറുള്ളതിനാൽ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്താൻ വൈകുമെന്നാണ് അധികൃതരുടെ നിലപാട്.

ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷം മാത്രമെ വിമാനം ബഹ്റിനിലേക്ക് മടങ്ങുകയുള്ളൂവെന്നാണ് വിമാനകമ്പനി അധികൃതർ യാത്രക്കാരോട് പറഞ്ഞിരിക്കുന്നത്. യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും മറ്റുമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് വിമാനകമ്പനി അധികൃതർ യാത്രക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.