മദ്യപിച്ച് വിമാനം പറത്തൽ: പൈലറ്റുമാർക്ക് സസ്പെൻഷൻ
Friday, August 12, 2016 3:34 AM IST
ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയെന്ന് കണ്ടെത്തിയ രണ്ടു പൈലറ്റുമാരെ വിമാനക്കമ്പനികൾ ജോലിയിൽ നിന്നും പുറത്താക്കി. എയർ ഇന്ത്യ, ജെറ്റ് എയർവേസ് കമ്പനികളിലെ പൈലറ്റുമാരെയാണ് നാല് വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരേ കേസെടുക്കാനും നിർദ്ദേശം നൽകി.

ഓഗസ്റ്റ് മൂന്നിന് ദുബായ്–ചെന്നൈ വിമാനം പറത്തിയ ജെറ്റ് എയർവേസ് പൈലറ്റാണ് മദ്യപിച്ചതിന് പിടിക്കപ്പെട്ടത്. ഓഗസ്റ്റ് 10ന് നടത്തിയ പരിശോധനയിലാണ് എയർ ഇന്ത്യ പൈലറ്റ് പിടിക്കപ്പെട്ടത്. ഷാർജ–കോഴിക്കോട് വിമാനമായിരുന്നു ഇയാൾ പറത്തിയത്. ജോലിക്കിടെ മദ്യപിച്ചതിന് പിടിക്കപ്പെട്ട എയർ ഇന്ത്യയുടെ ഒരു ക്യാമ്പിൻ ക്രൂ അംഗത്തെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വിമാനം ലാൻഡ് ചെയ്തതിന് ശേഷം മദ്യപിച്ചതിന് പൈലറ്റുമാരെ പിടിക്കുന്ന സംഭവം അസാധാരണമാണ്. സാധാരണ യാത്രയ്ക്ക് മുൻപാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്. ഇപ്പോൾ നടപടി നേരിടുന്ന രണ്ടു പൈലറ്റുമാരും മുൻപും ഇതേ കാരണത്തിന് പിടിക്കപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. സുരക്ഷ മുൻകരുതലുകൾ പാലിക്കാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജെറ്റ് എയർവേസ് അറിയിച്ചു.