മാതാവിന്റെ ഓർമ പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും
Friday, August 12, 2016 6:56 AM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ പെരുന്നാളും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് സ്വീകരണവും ഓഗസ്റ്റ് 13, 14 (ശനി, ഞായർ) തീയതികളിൽ നടക്കും.

വൈകുന്നേരം അഞ്ചിനു സന്ധ്യാ പ്രാർഥനയെ തുടർന്നു ബാവായ്ക്ക് ഇടവകാംഗങ്ങൾ സമുചിതമായ വരവേല്പു നൽകും. ദേവാലയത്തിലെത്തുന്ന ശ്രേഷ്ഠ ബാവായെ കത്തിച്ച മെഴുകുതിരകളുമേന്തി, വിശ്വാസികൾ നിരനിരയായി അണിനിരന്ന്, ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പളളി മേടയിലേക്ക് ആനയിക്കും. തുടർന്നു പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. ബിജു ദാനിയേൽ വർഗീസ് (വൈസ് സെന്റ് ജൂഡ് മലങ്കര മിഷൻ) പ്രഭാഷണം നടത്തും. സൺഡേ സ്കൂൾ കുട്ടികൾക്കായുളള അവാർഡു വിതരണം ശ്രേഷ്ഠ ബാവാ നിർവഹിക്കും.

14 നു രാവിലെ 8.45 ന് പ്രഭാത പ്രാർഥനയെ തുടർന്നു കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും. തുടർന്നു നടക്കുന്ന ഭക്‌തി നിർഭരവുമായ റാസ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. സ്നേഹവിരുന്നോടെ പെരുന്നാൾ ആഘോഷങ്ങൾക്കു സമാപനമാകും.

മാതാവിന്റെ മധ്യസ്‌ഥതയിൽ അഭയപ്പെട്ട് മാതാവിനോടുളള പ്രത്യേക മധ്യസ്‌ഥ പ്രാർഥനയും ഉണ്ടായിരിക്കും. ഇടവകയിലും സമീപ ഇടവകയിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ പെരുന്നാൾ ചടങ്ങുകളിൽ പങ്കുചേരും. വികാരി ഫാ. തോമസ് കോര, വൈസ് പ്രസിഡന്റ് പ്രദീഷ് തോമസ്, സെക്രട്ടറി ബിനോയ് മാത്യു, ട്രസ്റ്റി ജോബി പൗലോസ് എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റി പെരുന്നാളിന്റെ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ