പെയർലാൻഡിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
Saturday, August 13, 2016 3:35 AM IST
പെയർലാൻഡ് (ടെക്സാസ്): ഇടവക മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിനു പെയർലാൻഡ് സെന്റ് മേരീസ് ദൈവാലയത്തിൽ ഇന്ന് കൊടിയേറി. ഇടവക വികാരി റവ.ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.

ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് ഏഴിനു കൊടിയേറ്റോടും, പ. കുർബാനയോടും കൂടി ആരംഭിച്ച തിരുനാൾ ചടങ്ങുകൾ ഓഗസ്റ്റ് 21ന് പ്രധാന തിരുനാളോടെ സമാപിക്കും.

ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ ഒമ്പതിനും, 14 ഞായറാഴ്ച രാവിലെ 10.15 നുമായിരിക്കും ദിവ്യബലിയും തുടർന്നു നൊവേനയും, ലദീഞ്ഞും നടത്തപ്പെടുക. 15 തിങ്കളാഴ്ച മുതൽ 18 വ്യാഴാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് ഏഴിനു പ.കുർബാനയും, നൊവേനയും തുടർന്ന് ലദീഞ്ഞും ഉണ്ടായിരിക്കും. 19–നു വെള്ളിയാഴ്ച വൈകിട്ട് ഏഴിനു പ.കുർബാനയും, നൊവേനയും, ലദീഞ്ഞും കൂടാതെ ജപമാലാ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

20–നു ശനിയാഴ്ച രാവിലെ പത്തിനു പരിശുദ്ധ കുർബാനയേതുടർന്നു ഇടവകയിലെ ബാലിക ബാലന്മാരുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടും. ഈ ചടങ്ങുകൾക്ക് ഹ്യൂസ്റ്റൺ ഫൊറോനാപള്ളി വികാരി വെരി. റവ.ഫാ. കുര്യൻ നെടുവേലിച്ചാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും റവ. ഫാ. ഫ്രാങ്ക് ടി. ഫാബ്ജ് സന്ദേശം നൽകുകയും ചെയ്യും.

പ്രധാന തിരുനാൾ ദിനമായ ഓഗസ്റ്റ് 21–നു ഞായറാഴ്ച രാവിലെ ഒമ്പതിനു ജപമാല സമർപ്പണത്തോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കം കുറിക്കും, തുടർന്ന് അടിമവെക്കൽ, മുടി എഴുന്നള്ളിക്കൽ എന്നിവക്ക് ശേഷം 10.15ന് റവ. ഫാ. മാത്യു മടുക്കക്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയോടൊപ്പം റവ.ഫാ.സ്റ്റീഫൻ കണിപ്പിള്ളിൽ നൽകുന്ന തിരുനാൾ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. തുടർന്നു മുത്തുക്കുടകളുടെയും, ചെണ്ടമേളക്കാരുടെയും, വാദ്യഘോഷക്കാരുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ വിശ്വാസ പ്രഘോഷണ പ്രദിക്ഷണത്തിൽ കേരള ക്രൈസ്തവരുടെ വിശ്വാസ തീഷ്ണതയും പ്രതിഫലിക്കും. അതിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഭക്‌തി നിർഭരമായ തിരുന്നാളിലും മറ്റു കർമ്മങ്ങളിലും പങ്കെടുത്തു മാതാവിന്റെ അനുഗ്രഹം നേടുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകക്കുവേണ്ടി വികാരി റവ.ഫാ. ആന്റണി സേവ്യർ പുല്ലുകാട്ട് അറിയിച്ചു.

<യ> റിപ്പോർട്: ജീമോൻ റാന്നി