ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശവുമായി ക്രൈസ്റ്റ് സ്കൂൾ
Saturday, August 13, 2016 5:22 AM IST
ബംഗളൂരു: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് സ്കൂളിൽ പീസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. തെരുവിലെ കുട്ടികൾക്കായുള്ള ബോൺ ഫ്രീ ആർട്ട് സ്കൂൾ സ്‌ഥാപകൻ ജോൺ ദേവരാജ്, ബ്രെത്ത് എന്റർടെയ്ൻമെന്റ് ഡയറക്ടറും സാമൂഹ്യപ്രവർത്തകനുമായ കിഷോർ ജോസഫ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോമിനിക് നട്ടുനിലത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു തടത്തിൽ, ജപ്പാനിൽ നിന്നുള്ള സമാധാന പ്രവർത്തകൻ നാവോയുകി നകായാമ ജോനാ തുടങ്ങിയവർ പങ്കെടുത്തു.

ഹിരോഷിമയിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടുവയസുകാരി സഡാക്കോയുടെ പേരിൽ 18 അടി ഉയരമുള്ള സമാധാന കൊക്കിനെയും വിദ്യാർഥികൾ ഒരുക്കിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡൊമിനിക് നട്ടുനിലത്തിന്റെ നേതൃത്വത്തിലാണ് പ്രതിമയുണ്ടാക്കിയത്. ആറു ജാപ്പനീസ് പൗരന്മാരും പീസ് ഫെസ്റ്റിവലിൽ പങ്കെടുത്തു. ഹിരോഷിമയിലെ ബോംബ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടയാളുമായി വിദ്യാർഥികൾ സ്കൈപ്പ് വഴി സംവദിച്ചു. തുടർന്ന് വിദ്യാർഥികൾ സമാധാന റോക്കറ്റ് വിക്ഷേപിച്ചു.