പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി തോമസ് മാത്യു
Saturday, August 13, 2016 8:45 AM IST
ഷിക്കാഗോ: സാധാരണയായി നോർത്ത് അമേരിക്കയിൽ മിക്ക മലയാളി വീടുകളോടും ചേർന്നു വേനൽക്കാലത്ത് ഒരു പച്ചക്കറി തോട്ടം ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഗൗരവത്തിൽ കൃഷിയെ പരിപാലിക്കുന്നതിലും കൃഷി ചെയ്യുന്നതിലും ചുരുക്കം ആളുകൾ മാത്രമേ പ്രധാന്യം നൽകാറുള്ളൂ. അത്തരത്തിൽ വ്യത്യസ്തത പുലർത്തുന്ന ഒരു വ്യക്‌തിയാണ് ഷിക്കാഗോ അഡിസണിൽ താമസിക്കുന്ന തോമസ മാത്യു (രാജൻ). പ്രായം 78 ആയെങ്കിലും ഈ വേനലിലും ചെയ്ത കൃഷിയിൽ നിന്നും ലഭിച്ച സമൃദ്ധമായ വിളവിന്റെ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും.

എഴുപതുകളിൽ അമേരിക്കയിലെത്തിയ രാജൻ കഴിഞ്ഞ 28 വർഷമായി വേനൽക്കാലത്ത് കൃഷി ചെയ്യുന്ന വ്യക്‌തിയാണ്. ഇലന്തൂർ സ്വദേശിയായ അദ്ദേഹം ജനിച്ചത് ഒരു കാർഷിക കുടുംബത്തിലായിരുന്നു. ചെറുപ്പംമുതൽ മാതാപിതാക്കളെ കാർഷികവൃത്തിയിൽ സഹായിക്കുമായിരുന്ന രാജൻ ഇരുപത്തിരണ്ടാമത്തെ വയസിൽ ജോലി സംബന്ധമായി സെക്കന്തരാബാദിൽ പോകുകയും തുടർന്നു അമേരിക്കയിൽ എത്തിച്ചേരുകയും ചെയ്തു. അമേരിക്കയിൽ ആദ്യകാലങ്ങളിൽ താമസിച്ചിരുന്ന അപ്പാർട്ടുമെന്റിലും ചെറിയ രീതിയിൽ കൃഷി ചെയ്തിരുന്ന അദ്ദേഹം പിന്നീട് താമസമാക്കിയ വീടിനോടു ചേർന്നു വിപുലമായ രീതിയിലാണ് കൃഷി ചെയ്യുന്നത്. പയർ, പാവൽ, വെണ്ട, പടവലം, മുരിങ്ങ, വെള്ളരിക്ക, വിവിധതരം മുളക്, തക്കാളി, ചീര, കറിവേപ്പ് തുടങ്ങി ചേമ്പ് വരെ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നൂറുമേനി വിളവ് നൽകുന്നു.

കാലത്തും വൈകിട്ടും തന്റെ കൃഷിയിടത്തിൽ കൃഷിക്കായി സമയം ചെലവഴിക്കുന്ന അദ്ദേഹം, കൃഷിത്തോട്ടത്തിൽ നിന്നും ലഭിക്കുന്ന വിളവുകൾ കൂടുതലും സുഹൃത്തുക്കൾക്കും അപ്പാർട്ടുമെന്റിൽ താമസിക്കുന്നവർക്കും പള്ളിയിലും മറ്റും കൊടുക്കുന്നു. സ്വന്തമായി കൃഷി ചെയ്യുന്നതു കൂടാതെ മറ്റുള്ളവരെ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും കൃഷിയുടെ കാര്യത്തിൽ രാജൻ അനേകർക്ക് പ്രചോദനമാകുകയും ചെയ്യുന്നു. ജൈവ വളങ്ങൾ മാത്രമേ അദ്ദേഹം കൃഷിക്കായി ഉപയോഗിക്കാറുള്ളൂ എന്ന പ്രത്യേകതയും രാജന്റെ കൃഷിക്കുണ്ട്. ഔദ്യോഗിക ജോലിയിൽ നിന്നും വളരെ നാളുകൾക്കു മുമ്പ് വിരമിച്ച രാജന്റെ കൃഷിയോടുള്ള താത്പര്യം റിട്ടയർമെന്റ് ജീവിതത്തിന്റെ വിരസതയകറ്റി കർമനിരതനാകുവാനും ഊർജസ്വലനാകുവാനും അദ്ദേഹത്തെ സഹായിക്കുന്നു.

മൂന്നു മക്കളുടെ പിതാവായ അദ്ദേഹത്തെ കൃഷിയിൽ സഹായിക്കുവാനായി ഭാര്യ മറിയാമ്മ മാത്യു സദാ കൂടെയുണ്ട്. ഇതിനോടകം അനേകം പേർ അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കുകയുണ്ടായി. രാജൻ താമസിക്കുന്ന സിറ്റിയുടെ വൈസ് പ്രസിഡന്റ് കൃഷിയിടം സന്ദർശിക്കുകയും എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.

വിവരങ്ങൾക്ക്: തോമസ് മാത്യു (രാജൻ) 630 520 4750.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ13വേീാമൊമവേലംം.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>