ഭീഷണിയുടെ നിഴലിൽ ലൂർദിൽ തീർഥാടനം; സുരക്ഷാസംവിധാനം വർധിപ്പിച്ചു
Saturday, August 13, 2016 8:46 AM IST
പാരീസ്: ഫ്രാൻസ് മുഴുവൻ ഭീകരാക്രമണ ഭീഷണിയുടെ നിഴലിൽ തുടരുന്നതിനിടെ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നായ ലൂർദ് ഉണരുന്നു.

ഓഗസ്റ്റ് 15നു (തിങ്കൾ) മാതാവിന്റെ സ്വർഗാരോപണ തിരുനാളിനു മുന്നോടിയായി ലൂർദിൽ സുരക്ഷ സംവിധാനങ്ങൾ കർശനമാക്കിയിട്ടുണ്ട്.

പതിനായിരക്കണക്കിനു വിശ്വാസികളാണ് വർഷം തോറും ഇവിടെ തീർഥാടനത്തിനെത്തുന്നത്. ഇത്തവണ സുരക്ഷാ സന്നാഹങ്ങൾ പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുകയാണ്. ഇതേ തുടർന്നു അടുത്ത തിങ്കളാഴ്ച നടത്താനിരുന്ന ദിവ്യബലിയും പ്രദക്ഷിണവും റദ്ദാക്കിയിരിക്കുകയാണ്. സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്ന വാതിൽ കൂടി മാത്രമായിരിക്കും നഗരത്തിലേയ്ക്കുള്ള പ്രവേശനം.

പള്ളിയുടെ അൾത്താരയിൽ വൈദികനെ കഴുത്തുറത്തു കൊന്ന സംഭവം വരെ ഫ്രാൻസിൽ നടന്ന സാഹചര്യത്തിൽ ഭീകരരെ നേരിടാൻ പ്രത്യേക സന്നാഹങ്ങളാണ് ലൂർദിൽ ഒരുങ്ങുന്നത്. സുരക്ഷയുടെ ഭാഗമായി ഇത്തവണ തിരുനാൾദിന കർമങ്ങളിൽ മാറ്റവും വരുത്തിയിട്ടുണ്ട്. പട്ടണം മുഴുവനായുള്ള പ്രദക്ഷിണത്തിനുപകരം മാതാവിന്റെ ഗ്രോട്ടോയുടെയും പരിസര പ്രദേശങ്ങളിലും മാത്രമായിരിക്കും നടക്കുക. പോലീസും ബോംബു സ്ക്വാഡുമടക്കമുള്ള സുരക്ഷാ ഉദ്യോഗസ്‌ഥരെ തീർഥാടന സ്‌ഥലത്ത് പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

ഫ്രാൻസ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി തുടരുകയുമാണ്. ഒന്നര വർഷത്തിനിടെ രാജ്യത്ത് മൂന്നു വലിയ ആക്രമണങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ