കുവൈത്ത് സിറ്റി: ആധുനിക കാലഘട്ടത്തിൽ കാരുണ്യപദ്ധതികൾ ആവിഷ്കരിക്കുമ്പോൾ സോഷ്യൽ എൻജിനിയറിംഗ് പോലുള്ള ബൗദ്ധിക രീതികൾ പരീക്ഷിക്കണമെന്നു പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ.
കുവൈത്ത് കെഎംസിസിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നാല്പതാമത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സയിദ് മുനവറലി ശിഹാബ് തങ്ങൾ.
കെഎംസിസികൾ കാലത്തോടൊപ്പം സഞ്ചരിക്കണമെന്നും അതിനായി പദ്ധതികൾ
ആവിഷ്കരിക്കുമ്പോൾ പുതിയ പുതിയ ആശയങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും അത്തരം മാറ്റങ്ങളിലൂടെ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും തങ്ങൾ പറഞ്ഞു. ഇപ്പോൾ നൽകുന്ന സാഹായങ്ങൾ ഭാവിയിലുള്ളവർക്ക് ആവശ്യമില്ലാതെ വരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും തങ്ങൾ പറഞ്ഞു. കേരള മുസ്ലിം ന്യൂനപക്ഷങ്ങളുടെ
വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടിയതിൽ കെഎംസിസികളുടെ പങ്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ല. നാല്പത് വർഷങ്ങൾക്കു മുൻപ് സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ കാലത്ത് കുവൈത്തിൽ കെഎംസിസി എന്നൊരു കൂട്ടായ്മയ്ക്ക് വിത്തു പാകിയ മുൻഗാമികളായ നേതാക്കൾ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ആഘോഷം നടത്താൻ സാധിച്ചതെന്നു സയിദ് മുനവറലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
ഐപിസി ചെയർമാൻ ഷെയ്ഖ് സയിദ് സൗദ് അൽ ഉതൈബി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎംസിസി ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ മറ്റുള്ളവർ മാതൃകയാക്കിയാൽ അതിനുള്ള പുണ്യവും ലഭിക്കുമെന്നു അദ്ദഹം പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ മുഖ്യാതിഥിയായിരുന്നു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് കെടിപി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം ഡോ. എം.കെ. മുനീർ എംഎൽഎ നിർവഹിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി കാരുണ്യ പദ്ധതികൾ വിശദീകരിച്ചു.
പ്രതിരോധ കുത്തിവയ്പുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകളകറ്റാൻ കുവൈ ത്ത് കെഎംസിസി മെഡിക്കൽ വിംഗ് പുറത്തിറക്കിയ ലഘുലേഖയുടെ പ്രകാശനം ഡോ. എം.കെ.മുനീർ കുവൈത്ത് കെഎംസിസി വൈസ് പ്രസിഡ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിനു നൽകി നിർവഹിച്ചു.
ഷെയ്ഖ് തഹ്സീൻ ഹുസൈനി, ഹവല്ലി ഗവർൺറേറ്റ് മുനിസിപ്പാലിറ്റി സുരക്ഷാ വിഭാഗം ഡയറക്ടർ എൻജി. ബദർ അബൂറഗാബ ഉതൈബി, ജലീബ് ജില്ലാ പോലീസ് മേധാവി കേണൽ ഇബ്രാഹിം അബ്ദുറസാഖ് അൽ ദായ്, ബിഇസി ജനറൽ മാനേജർ മാത്യൂസ് വർഗീസ്, ആർ.സി. സുരേഷ്, ഗ്രാന്റ് ഹൈപ്പർ മേധാവി അയൂബ് കേച്ചേരി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് മേധാവി അഫ്സൽ ഖാൻ, മുസ്തഫ കാരി, ഹംസ പയ്യന്നൂർ, ഉപദേശക സമിതി ചെയർമാൻ പി.എ.റഷീദ്, മുൻ പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്ത്, മുൻ പ്രസിഡന്റുമാരായ എ.കെ.മഹ്മൂദ്, കുഞ്ഞഹമ്മദ് പേരാമ്പ്ര, മുൻ ജനറൽ സെക്രട്ടറിമാരായ ബഷീർ ബാത്ത, സലാം വളാഞ്ചേരി, കെകെഎംഎ നേതാവ് എ.പി.സലാം, സയിദ് ഗാലിബ് മഷ്ഹൂർ തങ്ങൾ, എച്ച്. ഇബ്രാഹിം കുട്ടി, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അത്തീഖ് കൊല്ലം, സെക്രട്ടറിമാരായ സിറാജ് എരമിക്കൽ, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, വിവിധ സംഘടനാ നേതാക്കളായ സാം പൈനുംമൂട്, എബി വരിക്കാട്, അബ്ദുൽ വഹാബ്, ഉസ്മാൻ ദാരിമി, അസീസ് നരക്കോട്ട്, എം.ടി. മുഹമ്മദ്, അബ്ദുൽ ഹമീദ്, കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഗഫൂർ വയനാട്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം എന്നിവർ സംസാരിച്ചു.
വിവിധങ്ങളായ പരിപാടികളും കാരുണ്യ പദ്ധതികളുമായാണ് കെഎംസിസി നാല്പതാമത് വാർഷികം ആഘോഷിക്കുന്നത്. പ്രഖ്യാപന സമ്മേളനം, ഈദ് സ്നേഹ സമ്മേളനം, വനിതാ സമ്മേളനം, കലാ–കായിക മത്സരങ്ങൾ, സമാപന മഹാസമ്മേളനം എന്നിവ ആഘോഷത്തിന്റെ ഭാഗമാണ്.
മെഡിക്കൽ വിംഗ് കൺവീനർമാരായ ഡോ. അബ്ദുൽ ഹമീദ്, ഷഹീദ് പാട്ടില്ലത്ത്, സലാം പട്ടാമ്പി, മുഹമ്മദ് മനോളി, മുഹമ്മദ് അബ്ദുൽ സത്താർ എന്നിവർ സന്നിഹിതരായിരുന്നു.
<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ