കല കുവൈറ്റ് പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു
Tuesday, August 16, 2016 3:10 AM IST
കോഴിക്കോട്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിനിധികൾ മുഖ്യമന്ത്രിയെ പിണറായി വിജയനെ സന്ദർശിച്ചു. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ മലയാളികളായ തൊഴിലാളികളെ ബാധിച്ച സാഹചര്യത്തിലാണു സന്ദർശനം.

പോലീസ് പരിശോധനയിൽ പിടിക്കപ്പെട്ട് കുവൈത്തിൽ വിവിധ ജയിലുകളിലായി കഴിയുന്ന രണ്ടായിരത്തോളം ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിൽ എത്തിക്കുന്നതിനു ഇടപെടൽ ഉണ്ടാകണമെന്നു പ്രതിനിധികൾ അഭ്യർഥിച്ചു.

മതിയായ താമസ രേഖകൾ ഇല്ലാത്ത മുപ്പതിനായിരത്തോളം ഗാർഹിക തൊഴിലാളികൾ കുവൈത്തിലുണ്ട്. ഇവരെ തിരിച്ചു നാട്ടിലെത്തിക്കുന്നതിനും താമസ രേഖകൾ ശരിയാക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാക്കുന്നതിനു സംസ്‌ഥാന പ്രവാസി വകുപ്പു മുൻകൈ എടുക്കണമെന്നും കല പ്രതിനിധികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

തൊഴിൽ പ്രശ്നങ്ങളടക്കമുള്ള കാര്യങ്ങൾ നോർക്കയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കല കുവൈറ്റ് പ്രതിനിധികൾക്ക് മുഖ്യമന്ത്രി ഉറപ്പു നൽകി.

ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, മുൻ പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.വി. ഹിക്മത്, മുസ്തഫ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ