നിരഞ്ജന്റെ മുറി നിലനിർത്താൻ സൈനികവിദഗ്ധരുടെ സഹായം
Tuesday, August 16, 2016 4:03 AM IST
ബംഗളൂരു: പത്താൻകോട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലഫ്.കേണൽ ഇ.കെ. നിരഞ്ജന്റെ വീടിന്റെ ഭാഗം പൊളിച്ചുനീക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മുറി നിലനിർത്താൻ സൈന്യത്തിലെ എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായം ലഭിച്ചേക്കും. ദൊഡ്ഡബൊമ്മസാന്ദ്രയിലെ കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായാണ് നിരഞ്ജന്റെ വീടിന്റെ ഒരു ഭാഗം പൊളിക്കുന്നത്. വീടിന്റെ പ്രധാന തൂൺ പൊളിക്കുമ്പോൾ വീട് തകരാതെ സൂക്ഷിക്കുന്നതിനായാണ് സൈനിക വിദഗ്ധർ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ് നിരഞ്ജന്റെ വീട് സന്ദർശിച്ചതായാണ് വിവരം. പൊളിച്ചു നീക്കാനുള്ള തൂണിന്റെ മുകളിലാണ് നിരഞ്ജന്റെ മുറി. ഇതിനാൽ, തൂൺ പൊളിക്കുമ്പോൾ മുറി നിലനിർത്താനുള്ള സാധ്യതകളാണ് സൈന്യം പരിശോധിക്കുന്നത്.

വീടിന്റെ ഭാഗം പൊളിച്ചുമാറ്റുന്നതിന് നിരഞ്ജന്റെ കുടുംബാംഗങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കുമെന്നാണ് അറിയുന്നത്. ബുൾഡോസർ ഉപയോഗിച്ച് തൂൺ പൊളിച്ചാൽ വീടിനു കേടുപാടുകൾ സംഭവിക്കുമെന്നതിനാലാണ് സ്വന്തം നിലയ്ക്ക് പൊളിച്ചുമാറ്റാൻ കൂടുതൽ സമയം ചോദിച്ചത്. വീടിന്റെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. തൂൺ ഉടനെ പൊളിച്ചുമാറ്റില്ലെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. സ്വാതന്ത്ര്യദിന അവധിക്കു ശേഷം ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. അവധി കണക്കിലെടുത്ത് അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത് തത്കാലം നിർത്തിവച്ചിരിക്കുകയാണ്.

നിരഞ്ജന്റെ കുടുംബത്തിന് മറ്റൊരു സ്‌ഥലം നല്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉറപ്പുനല്കി. അതേസമയം, കുടുംബത്തിന് സർക്കാർ പുതിയ വീട് നല്കണമെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. സംഭവം ദേശീയതലത്തിൽ വലിയ ചർച്ചകൾക്കും വഴിവച്ചതോടെ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്.