ഹോളിവുഡ് സംവിധായിക മീര മേനോൻ മനസു തുറക്കുന്നു
Tuesday, August 16, 2016 8:11 AM IST
ഡാളസ്: വളരെ അപൂർവമായാണ് ഇന്ത്യൻ വംശജരുടെ പ്രതിഭ ഹോളിവുഡ് ചിത്രങ്ങളിൽ കാണാറുള്ളത്. മീര നായരും ഓംപുരിയും ഇർഫാൻ ഖാനും ഒക്കെ ഇതുവരെ സ്‌ഥിരം സാന്നിധ്യങ്ങളായി മാറിയിട്ടില്ല. ഇടയ്ക്കിടെ ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്ന ഏഷ്യൻ ഇന്ത്യൻ കഥാപാത്രങ്ങൾ കഷ്ടിച്ചേ സംസാരിക്കാറുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമായ നേട്ടങ്ങളുമായി മീര മേനോൻ എന്ന സംവിധായിക കടന്നുവരുന്നത്.

ഗ്ലാമർ മാഗസിൻ ഹോളിവുഡിലെ ശക്‌തരായ 35 വയസിൽ താഴെ പ്രായമുള്ള 35 വനിതകളെ തെരഞ്ഞടുത്തതിൽ അവരിൽ ഒരാളായിരുന്നു മീര. ട്വന്റിയത് സെഞ്ച്വറി ഫോക്സിന്റെ ഗ്ലോബൽ ഡയറക്ടേഴ്സ് ഇനിഷ്യേറ്റീവിലും മീര തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത ‘ഫാറ ഗോസ് ബാംഗ്’ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെടുകയും അവിടെ മീരയ്ക്ക് നോറ എഫ്രോൺ പ്രൈസ് ഫോർ ഗ്രൗണ്ട് ബ്രേക്കിംഗ് വുമൺ ഫിലിം മേക്കർ അവാർഡ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

മീരയുടെ പുതിയ ചിത്രമായ എക്വിറ്റിയുടെ പ്രീമിയറിനു ഡാളസിൽ എത്തിയപ്പോഴാണു ലേഖകൻ മീരയെ കാണുകയും ഇന്റർവ്യൂ ചെയ്യുകയും ചെയ്തു. ഇക്വറ്റി നിക്ഷേപ, ഹെഡ് ഫണ്ട് വ്യവസായ രംഗത്തെ കിടമത്സരങ്ങളും അവിടെ നിലനില്പിനുവേണ്ടി പൊരുതുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും അനാവരണം ചെയ്യുന്നു.

<ആ>എന്താണ് ഈ പ്രമേയത്തിനോടു താത്പര്യം തോന്നാൻ കാരണം?

തിരക്കഥ വായിച്ചു ഇഷ്ടപ്പെട്ടു. ഇൻവെസ്റ്റ്മെന്റ് ഹെഡ്ജ് ഫണ്ട് രംഗത്തെ പുരുഷമേധാവിത്വവും അവിടെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും രംഗത്തുകൊണ്ടുവരണമെന്നു തോന്നി. ശക്‌തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് ഇതിനു ശ്രമിക്കുന്നത്. സ്ത്രീ ശാക്‌തീകരണത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ചിത്രം ഏവർക്കും ഇഷ്ടപ്പെടുമെന്നു കരുതുന്നു.

സിനിമാരംഗത്തേക്കു വന്നത്? ഹോളിവുഡിൽ അംഗീകാരം നേടുക പ്രയാസമായിരുന്നുവോ?

അച്ഛൻ (താരാ ആർട്സിന്റെ വിജയൻ മേനോൻ) വർഷങ്ങളായി സിനിമാരംഗത്തു പ്രവർത്തിക്കുന്നു. അങ്ങനെ സിനിമയിൽ ആകൃഷ്ടയായി. ബിരുദത്തിനുശേഷം ഫിലിം സ്കൂളിൽ സംവിധാനം പഠിച്ചു. ഹോളിവുഡിൽ അവസരങ്ങൾക്ക് വലുതായി ബുദ്ധിമുട്ടുണ്ടായില്ല. പിന്നെ സുഹൃത്തുക്കളുടെ സഹായം ഏറെ സഹായിച്ചു.

<ആ>പുതിയ സിനിമയിൽ ഇന്ത്യക്കാരായ കഥാപാത്രങ്ങളെ കണ്ടില്ല. അടുത്ത ചിത്രത്തിൽ പ്രതീക്ഷിക്കാമോ?

ഇന്ത്യൻ പശ്ചാത്തലത്തിൽ ഇന്ത്യാക്കാരായ കഥാപാത്രങ്ങളെ വച്ച് ഒരു ചിത്രം സംവിധാനം ചെയ്യുവാൻ താത്പര്യമുണ്ട്. വളരെ വ്യത്യസ്തമായ പ്രമേയം ആയിരിക്കും ഇത്. ചിത്രത്തിലെ പ്രമേയവും പശ്ചാത്തലവും ഇന്ത്യൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിയുന്നതായിരുന്നില്ല.

<ആ>ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണ് എന്ന അഭിപ്രായത്തോടു യോജിക്കുന്നുവോ?

യഥാർഥത്തിൽ ഈ ചിത്രത്തിന്റ ദൈർഘ്യം ഇതിലും കൂടുതലായിരുന്നു. 45 മിനിട്ട് ദൈർഘ്യം കുറച്ചാണ് ചിത്രം പൂർത്തിയാക്കിയത്. നിക്ഷേപത്തേയും ഹെഡ്ജ ഫണ്ടിനേയും കുറിച്ചുള്ള ചിത്രം എല്ലാ പ്രേക്ഷകരും ഇഷ്ടപ്പെടുമെന്നു കരുതുന്നു. മാത്രവുമല്ല വ്യവസായ രംഗത്തുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

<ആ>ചിത്രം ഒരു സീരീസായി ടെലിവിഷനിൽ പ്രദർശിപ്പിക്കുന്നതായി കേട്ടു ഏപ്പോൾ?

ഇതു സംഭവിക്കും. ടെലിവിഷൻ സീരിസിൽ ഞാൻ ഉൾപ്പെടുമോ എന്നു പറയാനാവില്ല. ഒരു പക്ഷേ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടായേക്കാം. അതിൽ ഞാൻ ഉണ്ടാകും.

<ആ>ഹോളിവുഡിലെയോ ബോളുവുഡിലേയോ ഏതെങ്കിലും സംവിധായകരിൽനിന്നു പ്രേരണ ഉൾക്കൊണ്ടിട്ടുണ്ടോ?

ഹോളിവുഡിൽ ബില്ലി വൈൽഡറുടെയും മീര നായരുടേയും ചിത്രങ്ങൾ ഇഷ്ടമാണ്. ഹിന്ദി, മലയാളം ചിത്രങ്ങൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ആരിൽനിന്നു പ്രേരണ ഉണ്ടായിട്ടുള്ളതായി തോന്നിയിട്ടില്ല. 2010 ലാണ് അവസാനമായി കേരളത്തിൽ പോയത്. വീണ്ടും പോകാൻ ആഗ്രഹമുണ്ട്. അച്ഛൻ പാലക്കാട് സ്വദേശിയായ വിജയൻ മേനോനെയും താരാ ആർട്സിനെയും അമേരിക്കൻ മലയാളികൾ അറിയും.

ലോസ് ആഞ്ചലസിൽ സ്‌ഥിരതാമസമാക്കിയ മീരയുടെ ഭർത്താവ് പോൾ ഗ്ലീസൺ ഛായഗ്രാഹകനാണ്. ഇവർക്ക് ഒരു ആൺകുട്ടിയുണ്ട്.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്