ഇടവകക്കൂട്ടായ്മയുടെ പ്രതീകമായി ഫിലഡൽഫിയയിൽ പിക്നിക്
Wednesday, August 17, 2016 6:09 AM IST
ഫിലഡൽഫിയ: സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവാലയം സംഘടിപ്പിച്ച വാർഷിക പിക്നിക് ഇടവക സമൂഹത്തിന്റെ ഒരുമയും സൗഹൃദവും വിളിച്ചോതുന്നതായിരുന്നു.

ഓഗസ്റ്റ് 13നു ബക്സ്കൗണ്ടി നിഷാമണിക്രീക്കിനു സമീപത്തുള്ള കോർ ക്രീക്ക് സ്റ്റേറ്റ്പാർക്കിൽ രാവിലെ 11നു ഫാ. ജോണിക്കുട്ടി പുലിശേരി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പിക്നിക്കിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം പങ്കെടുത്തു.

ഇടവകയിലെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് ലീഗ് പിക്നിക്കിൽ പങ്കെടുക്കുന്നവർക്കായി ടീ ഷർട്ടുകൾ ക്രമീകരിച്ചിരുന്നു. വടംവലി, വോളിബോൾ, ഷോട്ട് പുട്ട്, മ്യൂസിക്കൽ ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ ഉൾപ്പെടെ നിരവധി മൽസരങ്ങളും കുട്ടികൾക്കായി വിവിധ മത്സരങ്ങളും പിക്നിക്കിന്റെ ഭാഗമായിരുന്നു.

ജോയി കരുമത്തി, ജോൺ തൊമ്മൻ എന്നിവരുടെ മേൽനോട്ടത്തിൽ തയാറാക്കിയ രുചികരമായ ബാർബിക്യു വിഭവങ്ങൾ ഏവരും ആസ്വദിച്ചു. ഇടവക പിക്നിക്കിൽ പങ്കെടുത്ത് പരസ്പര സ്നേഹവും സഹകരണവും സൗഹൃദവും പങ്കുവച്ച് പിക്നിക് വിജയിപ്പിച്ച എല്ലാ അംഗങ്ങൾക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പറഞ്ഞു.

ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്‌തസംഘടന ഭാരവാഹികൾ എന്നിവർ പിക്നിക്കിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ