ചിക്കുവിന്റെ കൊലപാതകം: ഭർത്താവ് ജയിൽമോചിതനായി
Wednesday, August 17, 2016 6:15 AM IST
മസ്ക്കറ്റ്: നാലു മാസം മുമ്പ് ഒമാനിലെ സലാലയിൽ കൊല ചെയ്യപ്പെട്ട സ്റ്റാഫ് നഴ്സ് ചിക്കു റോബർട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്ന ഭർത്താവ് ചങ്ങനാശേരി മാടപ്പള്ളി സ്വദേശി ലിൻസൺ ജയിൽമോചിതനായി.

മോചനം സംബന്ധിച്ച റിപ്പോർട്ടുകൾ ബദർ അൽസമ ചീഫ് മാർക്കറ്റിംഗ് ഓഫീസറും മലയാളിയുമായ കെ.ഒ. ദേവസി സ്‌ഥിരീകരിച്ചു.

ഒമാനിലെ ഇന്ത്യൻ സമൂഹത്തിലും പ്രത്യേകിച്ച് മലയാളികളുടെ ഇടയിലും ഏറെ ഞെട്ടലുളവാക്കിയ കൊലപാതകത്തിൽ ലിൻസന്റെ പങ്ക് അന്വേഷണ ഉദ്യോഗസ്‌ഥർക്കു കണ്ടെത്താനാവാത്തതിനാലാണു നീണ്ട കാത്തിരിപ്പിനു ശേഷമാണെങ്കിലും മോചനമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുനൂറോളം പേരെ ചോദ്യം ചെയ്ത കേസിൽ പാക്കിസ്‌ഥാനികൾ ഉൾപ്പെടെ ഏതാനും പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.

റോയൽ ഒമാൻ പോലീസ് കസ്റ്റഡിയിലായിരുന്ന ലിൻസന് ഭാര്യയുടെ സംസ്കാര ചടങ്ങുകളിൽപോലും പങ്കെടുക്കുവാൻ സാധിച്ചില്ല. കസ്റ്റഡിയിൽനിന്നു മോചിതനായ ലിൻസന്റെ പാസ്പോർട്ടും മറ്റു രേഖകളും ശരിയാകുന്ന മുറയ്ക്ക് നാട്ടിലെത്താൻ സാധിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. മോചിതനായ ലിൻസൺ ആർഒപി യോടും തനിക്കുവേണ്ടി പ്രാർഥിച്ച ഏവർക്കും നന്ദി പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 20–നാണ് ചിക്കുവിനെ താമസസ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമാനിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ബദർ അൽസമയുടെ സലാല ശാഖയിലെ ജീവനക്കാരായിരുന്നു ചിക്കുവും ഭർത്താവ് ലിൻസണും. ജോലി സമയമായിട്ടും ചിക്കുവിനെ കാണാതെ വന്നതോടെ ലിൻസൺ മൊബൈലിലേക്ക് വിളിച്ചു. പ്രതികരിക്കാതെ വന്നതോടെ ആശുപത്രിയിൽ നിന്നും താമസ സ്‌ഥലത്ത് എത്തിയ ലിൻസനാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്നു വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. അങ്കമാലി കറുകുറ്റി സ്വദേശിനിയായ ചിക്കു മരിക്കുമ്പോൾ നാലു മാസം ഗർഭിണിയായിരുന്നു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം