അനധികൃത അറവുശാലകൾക്കെതിരേ കർശന നടപടി
Wednesday, August 17, 2016 7:49 AM IST
ബംഗളൂരു: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾക്കെതിരേ ശക്‌തമായ നടപടിക്കൊരുങ്ങി പോലീസ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അറവുശാലകൾ കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ജില്ലാ പോലീസ് ആസ്‌ഥാനങ്ങളിലേക്ക് ഡിജിപി ഓംപ്രകാശ് നിർദേശം നല്കി.

എസ്പിമാർ, പോലീസ് കമ്മീഷണർമാർ, ഇൻസ്പെക്ടർ ജനറൽമാർ എന്നിവർക്ക് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് എം.വി. ചന്ദ്രകാന്ത് പ്രത്യേക നിർദേശം നല്കിയിട്ടുണ്ട്.

കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങൾ വിശദമായി പരിശോധിക്കണമെന്ന് ഇലകട്രോണിക് സിറ്റി, യശ്വന്തപുര, കെആർ പുരം പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നല്കി.

നഗരാതിർത്തികളിലെ പോലീസ് സ്റ്റേഷനുകളോട് കൂടുതൽ ജാഗ്രത പാലിക്കാനും നിർദേശിച്ചു.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറവുശാലകൾ മുളച്ചുപൊങ്ങുകയാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദൾ നേതാക്കൾ നല്കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. നഗരത്തിലെ ശിവാജിനഗർ, താന്നേരി റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അറവുശാലകൾ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അതേസമയം, പശുസംരക്ഷണ സംഘടനകളുടെ പ്രവർത്തനങ്ങളും പോലീസ് നിരീക്ഷിക്കും. സംഘർഷസാധ്യതയുള്ള മേഖലകളിൽ പോലീസ് സുരക്ഷ ശക്‌തമാക്കും.