നാസികളുടെ സ്വർണ ട്രെയിൻ കണ്ടെത്താൻ പര്യവേക്ഷണം തുടങ്ങി
Wednesday, August 17, 2016 8:06 AM IST
വാഴ്സോ: നാസി കാലഘട്ടത്തിന്റെ അവസാനം സ്വർണ ശേഖരവുമായി പുറപ്പെട്ട് അപ്രത്യക്ഷമായ ട്രെയിൻ കണ്ടെത്താനുള്ള പര്യവേക്ഷണത്തിനു തുടക്കമായി. പോളണ്ടിന്റെ തെക്കു പടിഞ്ഞാറൻ പ്രദേശത്താണ് അന്വേഷണം നടക്കുന്നത്.

എന്നാൽ, ഈ ട്രെയിൻ എവിടെയാണുള്ളതെന്നതിനു വ്യക്‌തമായ തെളിവൊന്നും കിട്ടിയിട്ടില്ലെന്നാണ് വിദഗ്ധർ മുൻപു തന്നെ പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പയറ്റർ കോപ്പർ എന്ന പോളണ്ടുകാരന്റെയും ആൻഡ്രിയാസ് റിച്റ്റർ എന്ന ജർമനിക്കാരന്റെയും നേതൃത്വത്തിലാണ് നിധി വേട്ട നടക്കുന്നത്.

ഭൂമിക്കടിയിലുള്ള വസ്തുക്കളെക്കുറിച്ച് സൂചന നൽകുന്ന ഗ്രൗണ്ട് റഡാർ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ പ്രതീക്ഷയുള്ള ചില വിവരങ്ങൾ കിട്ടിയെന്നും ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇവിടം പര്യവേക്ഷണത്തിനു തെരഞ്ഞെടുത്തതെന്നും കോപ്പറും റിച്റ്ററും പറയുന്നു.

നാസി പട്ടാളം നിർമിച്ച സങ്കീർണമായ തുരങ്കത്തിലാണ് ട്രെയ്ൻ അപ്രത്യക്ഷമായതെന്നാണ് വിശ്വാസം. ആ സമയത്ത് സോവ്യറ്റ് സൈന്യം ജർമനിയിലേക്ക് കടന്നു കയറിക്കൊണ്ടിരിക്കുകയായിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ