ജർമനിക്കും മെർക്കലിനുമെതിരേ ട്രംപ് വീണ്ടും
Wednesday, August 17, 2016 8:06 AM IST
ബർലിൻ: യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥി ഡോണാൾഡ് ട്രംപ് ജർമനിക്കും ചാൻസലർ ആംഗല മെർക്കലിനുമെതിരായ ആക്രമണം തുടരുന്നു.

എതിർ സ്‌ഥാനാർഥി ഹില്ലരി ക്ലിന്റണിനെതിരായ വിമർശനമാണ് മെർക്കലിനും ജർമനിക്കുമെതിരായ ആക്രമണമായി മാറിയത്.

ഹില്ലരിയുടെ ആരോഗ്യ, വിദ്യാഭ്യാസ നയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ, അമേരിക്കയുടെ ആംഗല മെർക്കലാകാനാണ് അവരുടെ ശ്രമം എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇവയുമായി യാതൊരു ബന്ധവുമില്ലാത്ത, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെയാണ് അനാവശ്യമായി മെർക്കലിനെയും ജർമനിയെയും വലിച്ചിഴച്ചത്.

കൂട്ടക്കുടിയേറ്റവും അഭയാർഥി പ്രവാഹവും ജർമനിക്കും ജർമൻ ജനതയ്ക്കും വരുത്തിവച്ച ദുരന്തം ചില്ലറയല്ലെന്നും ട്രംപ് പറഞ്ഞു. അവിടെ കുറ്റകൃത്യങ്ങൾ കുതിച്ചുയരാൻ കാരണം ഇതാണ്. ഇതൊരു പകർച്ചവ്യാധിയാണെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ