സൗദിയിൽ താമസ കേന്ദ്രങ്ങളിലെ മാലിന്യം നീക്കംചെയ്യുന്നതിനു ഫീസ് ഈടാക്കുന്നു
Thursday, August 18, 2016 6:57 AM IST
ദമാം: താമസ കേന്ദ്രങ്ങളിലേയും ഹോട്ടലുകളിലേയും മറ്റു വാണിജ്യ സ്‌ഥാപനങ്ങളിലേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു ഫീസ് ഈടാക്കാൻ സൗദി മുനിസിപ്പൽ, ഗ്രാമ മന്ത്രാലയം തീരുമാനിച്ചു.

വൈദ്യുതി ചാർജിനെ അടിസ്‌ഥാനമാക്കിയാണ് ബലദിയ്യകളുമായി കരാറിൽ ഏർപ്പെട്ട കമ്പനികളിലെ ശുചീകരണ തൊഴിലാളികൾ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ചാർജ് ഈടാക്കുക.

ഇതനുരിച്ചു മാസം മുന്നൂറു റിയാൽ വൈദ്യതി ചാർജ് നൽകുന്നവരിൽ നിന്നും മാലിന്യം നീക്കം ചെയ്യാനായി അഞ്ചു റിയാൽ അധികം ഈടാക്കും. 301 മുതൽ 601 റിയാൽ വരെ ഇത് 10 റിയാലും 601 മുതൽ 1000 റിയാൽ വരെ നൽകുന്നവർ മാലിന്യ നീക്കത്തിനു 15 റിയാലും നൽകണം. 1001 ഉം അതിൽ കൂടുതലും നൽകേണ്ട വൈദ്യുതി ബില്ലുടമകൾക്കു 50 റിയാലാണ് നൽകേണ്ടി വരിക.

പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ തുടങ്ങിയവയുടെ ഉടമകളിൽ നിന്നും വർഷം 500 റിയാൽ വീതം ഈടാക്കും.

ആശുപത്രികൾ, ഡിസ്പൻസറികൾ, വർക്ഷോപ്പുകൾ തുടങ്ങിയ സ്‌ഥാപനങ്ങളിൽ നിന്നും ചതുരശ്ര മീറ്ററിനു പത്ത് റിയാൽ വീതവും വർഷത്തിൽ ഈടാക്കും.

മാലിന്യ നീക്കത്തിനുള്ള ചാർജ് ഈടാക്കുക വൈദ്യുതി ബില്ലിനോടപ്പമായിരിക്കും. ഇതിനായി മുനിസിപ്പൽ ഗ്രാമ മന്ത്രാലയം സൗദി ഇലക്ട്രിസിറ്റി വകുപ്പിനെ കംപ്യൂട്ടർ ശൃംഖല വഴി ബന്ധപ്പെടുത്തും.

എണ്ണയിതര മാർഗത്തിലൂടെ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കരുതുന്നു.

<ആ>അനിൽ കുറിച്ചിമുട്ടം