അയ്യപ്പ മന്ത്രധ്വനിയിൽ വെസ്റ്റ്ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം പൂർത്തിയായി
Thursday, August 18, 2016 7:02 AM IST
ന്യൂയോർക്ക്: വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ രാമായണ മാസാചരണം പൂർത്തിയായി. കർക്കിടക മാസത്തിലെ എല്ലാ ദിവസവും രാമായണ പാരായണവും പ്രത്യേക പൂജകളും നടന്നിരുന്നു.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡോ. എ.കെ.ബി. പിള്ള മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ പൂജാരി മനോജ് നമ്പൂതിരി, ഡോ. എ.കെ.ബി. പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. മറുപടി പ്രസംത്തിൽ നാടും വീടും വിട്ട് ഏഴു കടലും താണ്ടി അമേരിക്കയിൽ എത്തിയ നമുക്ക് കേരളത്തിൽ നടത്തുന്ന അതെ പൂജ വിധികൾ അതിന്റെ സർവ്വ ചടങ്ങുകളോടും കൂടി കാണുവാൻ നമുക്ക് അവസരം ഒരുക്കുന്നത് ഒരു വലിയ കാര്യമാണെന്ന് ഡോ. എ.കെ.ബി. പിള്ള അഭിപ്രായപ്പെട്ടു.

പാർഥസാരഥി പിള്ള, പത്മജ പ്രേം, ഗണേഷ് നായർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിനു നേതൃത്വം നൽകി.

ഹൈന്ദവരെ സംബന്ധിച്ചിടത്തോളം വളരെ പുണ്യമായ മാസമാണ് കർക്കിടകം. പഴയ കാലം നോക്കിയാൽ പൊതുവേ കേരളീയരാണ് കർക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന അഥവാ പെയ്തിരുന്ന കർക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ് അതിനാൽ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു.

മഹാ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ ജനിച്ചത് കർക്കിടം രാശിയിൽ ഉദയം കൊണ്ട വേലയിലാണ്.

കർക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിനു പിന്നിൽ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായന രാശിയിൽ സഞ്ചരിക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാത്മികമായ അർഥത്തിൽ ദേവൻ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യം ആണ്.

രണ്ടാമതായി പറയുന്നത് ജലരാശിയായ കർക്കിടകത്തിൽ സൂര്യൻ സഞ്ചരിക്കുന്നതുകൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിനു പരിഹാരമായാണ് രാമായണ പരായണം എന്നും പറയാറുണ്ട്.

കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറിൽ രാവിലെ ദശപുഷ്പങ്ങൾ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേൽക്കുന്ന ചടങ്ങും കർക്കിടകത്തിൽ നടക്കാറുണ്ട്. രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി, കിണ്ടിയിൽ വെള്ളവും തുളസിക്കരും താലത്തിൽ ദശപുഷങ്ങളും വാൽക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. കർക്കിടകത്തിലെ എല്ലാദിവസവും ഇതു തുടരുകയും രാമായണം വായന പൂർത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.

<ആ>റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ