മൈസൂരുവിലും കൈയേറ്റം ഒഴിപ്പിക്കും
Friday, August 19, 2016 5:27 AM IST
മൈസൂരു: മൈസൂരു താലൂക്കിൽ കനാലുകൾ കൈയേറി നിർമിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നീക്കം. താമസക്കാർക്ക് കെട്ടിടങ്ങൾ സ്വമേധയാ ഒഴിയാൻ നല്കിയ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.

കൈയേറ്റക്കാർ ഒഴിഞ്ഞുപോകണമെന്ന് മേയിൽ താലൂക്ക് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം കെട്ടിടങ്ങൾ പൊളിച്ചുനീക്കി റിപ്പോർട്ട് നല്കാൻ ഡപ്യൂട്ടി തഹസിൽദാർ, റവന്യൂ ഇൻസ്പെക്ടർ എന്നിവർക്ക് തഹസിൽദാർ നിർദേശം നല്കി.

കനാലുകൾ കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്പീക്കർ കെ.ബി. കോലിവാദും നിർദേശിച്ചിരുന്നു. കനാൽ കൈയേറ്റങ്ങൾ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനാണ് കോലിവാദ്.

കൈയേറ്റങ്ങൾ പൊളിച്ചുനീക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തോട് സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്.