ബംഗളൂരു: നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന സ്റ്റേഷനുകളുടെ പ്രവേശന കവാടത്തിലേക്ക് സർവീസ് റോഡുകൾ നിർമിക്കുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. 72,095 കിലോമീറ്റർ ദൂരമാണ് രണ്ടാംഘട്ടത്തിനുള്ളത്. ഇതിൽ 13.79 കിലോമീറ്റർ ഭൂഗർഭപാതയാണ്. മൊത്തം 61 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിലുണ്ടാകുക. ഇതിൽ 49 സ്റ്റേഷനുകളുടെ ഇരുവശങ്ങളിലും സർവീസ് റോഡ് നിർമിക്കാനാണ് പദ്ധതി. സർവീസ് റോഡുകൾക്കുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിലുൾപ്പെട്ട 12 ഭൂഗർഭ സ്റ്റേഷനുകളിലേക്കും സർവീസ് റോഡ് നിർമിക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്.
രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട നയന്ദഹള്ളി, രാജരാജേശ്വരി നഗർ, ബംഗളൂരു യൂണിവേഴ്സിറ്റി ക്രോസ്, പട്ടണഗരെ, മൈലസാന്ദ്ര, കെങ്കേരി, മഞ്ജുനാഥ നഗർ, ജിൻഡാൽ, ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ, സ്വാഗത് റോഡ് ക്രോസ്, റാഗിഗുഡ്ഡ ടെമ്പിൾ, ജെപി നഗർ, ഹുളിമാവ്, ഗോട്ടിഗരെ, അഞ്ജനപുര ക്രോസ് റോഡ്, കൃഷ്ണ ലീല പാർക്ക്, വജ്രഹള്ളി തുടങ്ങിയ സ്റ്റേഷനുകളിലായിരിക്കും സർവീസ് റോഡുകൾ വരുന്നത്.
പ്രധാന റോഡുകളിൽ നിന്നും ഇടത്തേക്കു തിരിയുന്ന രീതിയിലായിരിക്കും സർവീസ് റോഡ്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം പ്രധാന റോഡുകളിലെ തിരക്ക് ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് ബിഎംസിആർഎൽ എംഡി പ്രദീപ് സിംഗ് ഖരോള പറഞ്ഞു.