തെരഞ്ഞെടുപ്പു ഫണ്ട് ദുരുപയോഗം: കോൺഗ്രസ് അംഗത്തിന്റെ പിതാവിനു തടവു ശിക്ഷ വിധിച്ചു
Friday, August 19, 2016 6:17 AM IST
കലിഫോർണിയ: ഡമോക്രാറ്റിക് യുഎസ് കോൺഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ അമി ബിറയുടെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന വാങ്ങിയതു നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ സമർപ്പിച്ച കേസിൽ അമിബിറയുടെ പിതാവ് ബാബുലാൽ ബിറക്ക് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ട്രോയ് എൽ. നൺലി ഒരു വർഷവും ഒരു ദിവസവും തടവു ശിക്ഷ വിധിച്ചു.

പ്രായം പരിഗണിച്ച് എൺപത്തിമൂന്നുകാരനായ ബാബു ലാലിനു നൽകിയ ശിക്ഷ ഒഴിവാക്കണമെന്നു പ്രതിഭാഗം അറ്റോർണിയുടെ അപേക്ഷ ജഡ്ജി അംഗീകരിച്ചില്ല. ചെയ്തതു തെറ്റാണെന്നും ക്ഷമിക്കണമെന്നും ബാബുലാൽ ജഡ്ജിയോട് അപേക്ഷിച്ചുവെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

2010 ലും 2012 ലും ബാബു ലാലിന്റെ മകൻ അമിബിറയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു സ്നേഹിതന്മാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത നിയമ വിരുദ്ധമായ 2,60,000 ഡോളർ രഹസ്യമായി വിവിധ അക്കൗണ്ടുകളിൽ ബാങ്കിൽ നിക്ഷേപിച്ചു എന്നതാണ് ബാബു ലാലിനെതിരായ പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2010 ലും 2014 ലും യുഎസ് കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്‌ഥാനാർഥിയായ അമിബിറാ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയെ പരാജയപ്പെടുത്തിയത് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രകോപിച്ചിരുന്നു. അധികൃതമായി പിരിച്ചെടുത്ത പണം പ്രചാരണത്തിന് ഉപയോഗിച്ചതു റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയുടെ പരാജയത്തിന് കാരണമായെന്ന് ഇവർ വിശ്വസിക്കുന്നു.

വിധി കേൾക്കുന്നതിന് കോൺഗ്രസ് അംഗം അമിബിറ കോടതിയിൽ എത്തിയിരുന്നില്ല. പിതാവിനെതിരായ വിധി മാനസികമായി തന്നെ തളർത്തിയെന്നും കുടുംബാംഗങ്ങൾ ഈ വിധിയോട് എങ്ങനെയാണ് പ്രതികരിക്കുക എന്നറിയില്ലെന്നും ഏഴുതി തയാറാക്കിയ പ്രസ്താവനയിൽ അമിബിറ പറയുന്നു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ