എലെവൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; മലയാളി കുട്ടികൾ ആധിപത്യം തുടർന്നു
Friday, August 19, 2016 6:20 AM IST
ലണ്ടൻ: യുകെയിലെ എലെവൽ പരീക്ഷാഫലം പുറത്തുവന്നു. 98 ശതമാനം പേരാണ് ഇക്കുറി വിജയികളായിരിക്കുന്നത്. 26 ശതമാനം പേർ എയും എ സ്റ്റാറും നേടി വിജയിച്ചു.

വിജയശതമാനം കൂടിയതോടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനായുള്ള മത്സരം കടുക്കാനാണ് സാധ്യത. യൂണിവേഴ്സിറ്റി സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരിധി എടുത്തുകളഞ്ഞതിനാൽ കൂടുതൽ കുട്ടികൾക്ക് പ്രവേശനം ലഭിക്കുമെങ്കിലും അപേക്ഷകരുടെ ബാഹുല്യം യൂണിവേഴ്സിറ്റികളെ സമ്മർദ്ദത്തിലാക്കും. 4,24,000ത്തോളം വിദ്യാർഥികളാണ് ഇത്തവണ യൂണിവേഴ്സിറ്റി പ്രവേശനത്തിനു യോഗ്യത നേടിയിരിക്കുന്നത്. എയും എസ്റ്റാറും നേടിയ കുട്ടികളുടെ എണ്ണത്തിൽ 0.1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ആൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

ഈ വർഷം 8.5 ശതമാനം ആൺകുട്ടികൾക്കാണ് എ സ്റ്റാർ ലഭിച്ചത്. എന്നാൽ 7.7 ശതമാനം പെൺകുട്ടികൾക്കാണ് എസ്റ്റാർ ലഭിച്ചിരിക്കുന്നത്. 25.9 ശതമാനം പെൺകുട്ടികൾ എ ഗ്രേഡ് നേടിയെങ്കിൽ 25.8 ശതമാനം ആൺകുട്ടികൾ എ ഗ്രേഡ് നേടി. ഏക്കാലത്തേയും മികച്ച വിജയമാണ് ഇക്കുറി ഇയുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും നേടിയെടുത്തത്. മികച്ച ഗ്രേഡ് നേടിയെടുത്ത ഇയു വിദ്യാർഥികൾ 26,800 ആണ്. മൊത്തം 98.1 ശതമാനം പേർ പാസായിട്ടുണ്ട്.

മുൻ വർഷങ്ങളിലേതുപോലെ പരീക്ഷ എഴുതിയ മലയാളി വിദ്യാർഥികളുടെ മിന്നുന്ന പ്രകടനം ഇക്കുറിയും ആവർത്തിച്ചു. ബേസിംഗ് സ്റ്റോക്കിൽ താമസിക്കുന്ന ജയിംസ് പീറ്റർ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ എ സ്റ്റാറും ഫർതർ മാത്തമാറ്റിക്സിൽ എയും നേടിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. വാർവിക് യൂണിവേഴ്സിറ്റിയിൽ ജനറൽ എൻജിനിയറിംഗ് തിരഞ്ഞെടുത്ത ജയിംസ് ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ അധ്യാപകനായ കല്ലൂക്കാരൻ വീട്ടിൽ പീറ്റർ ജേക്കബിന്റെയും ഹാംഷെയർ കൗണ്ടി ഹോസ്പിറ്റലിൽ നഴ്സായ ജോഫിയുടേയും മകനാണ്. ഇരട്ട സഹോദരിമാരാണ് ജയിംസിനുള്ളത്.

വോക്കിംഗിൽനിന്നുള്ള വൈശാഖ് ശശികുമാർ മൂന്ന് എ സ്വന്തമാക്കിയാണ് തിളക്കമാർന്ന വിജയം നേടിയത്. സറെ യൂണിവേഴ്സിറ്റിയിൽ എയ്റോ സ്പേസ് എൻജിനിയറിംഗ് തിരഞ്ഞെടുത്ത വൈശാഖ് സെന്റ് പീറ്റേഴ്സ് ഹോസ്പിറ്റൽ ജീവനക്കാരായ ശശികുമാറിന്റെയും രേണുകയുടെയും മകനാണ്. സഹോദരൻ ജിഎസ്എസ്സി പരീക്ഷയുടെ റിസൾട്ടിനായി കാത്തിരിക്കുന്നു.

ബെൽഫാസ്റ്റിൽനിന്നുള്ള അലീന രണ്ട് എ സ്റ്റാറും ഒരു എ യും നേടി മികച്ച വിജയം കരസ്‌ഥമാക്കി. ക്യൂൻ യൂണിവേഴ്സിറ്റിയിൽ മെഡിസിനു തെരഞ്ഞെടുത്ത അലീന, കോട്ടയം കല്ലറ സ്വദേശിയും ബെൽഫാസ്റ്റ് റീജണൽ എൻജിനിയറിംഗ് കോളജ് ജീവനക്കാരനുമായ ജോയ്മോൻ ലൂക്കോസിന്റെയും ബെൽഫാസ്റ്റ് മാറ്റർ ഹോസ്പിറ്റലിൽ നഴ്സായ ജോളിയുടെയും മകളാണ്. സഹോദരി ഹൈസ്കൂൾ വിദ്യാർഥിനിയായ അനീഷ.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ