സഹോദരൻ അയ്യപ്പന്റേയും ചട്ടമ്പി സ്വമിയുടെയും ജന്മദിനാചാരണം ഓഗസ്റ്റ് 21ന്
Friday, August 19, 2016 6:22 AM IST
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിവാര സത്സംഗത്തിന്റെ ഭാഗമായി സഹോദരൻ അയ്യപ്പന്റെ നൂറ്റിഇരുപത്തി ഏഴാമത് ജന്മദിന അനുസ്മരണവും ചട്ടമ്പി സ്വാമി ജന്മ മാസാനുസ്മരണവും ഓഗസ്റ്റ് 21നു (ഞായർ) നടത്തുന്നു.

രാവിലെ 10.30ന് യൂണിയൻ പ്രസിഡന്റ് ടി.പി. മണിയപ്പൻ ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ. അനിൽ കുമാർ അധ്യക്ഷത വഹിക്കും. ‘ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും സമാനതകൾ, വ്യത്യസ്തകൾ’ എന്ന വിഷയത്തിൽ സ്വാമി നാരായണ ഋഷിയും സഹോദരൻ അയ്യപ്പന്റെ ‘ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ആനുകാലിക പ്രസക്‌തി’ എന്ന വിഷയത്തിൽ കല്ലറ മനോജും സഹോദരൻ അയ്യപ്പന്റെ ‘മിശ്രവിവാഹ ചിന്തകളും പന്തിഭോജനവും’ എന്ന വിഷയത്തിൽ എസ്. സതീശനും പ്രഭാഷണം നടത്തും. കെ.ജി. സുനിൽ, ഓമന മധു എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകും.

ചട്ടമ്പി സ്വാമികളുടെ ജന്മദിനമായ ഓഗസ്റ്റ് 24നു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ശാന്തിഹവനം എന്നിവ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.