ഡാളസ് ബിഷപ് കെവിൻ ജെ. ഫാറൽ വത്തിക്കാനിലേക്ക്
Saturday, August 20, 2016 6:56 AM IST
ഡാളസ്: ഡാളസ് ബിഷപ് കെവിൻ ജെ. ഫാറലിനെ വത്തിക്കാനിൽ പുതിയതായി രൂപീകരിച്ച ഫാമിലി ആൻഡ് ലൈഫ് ഓഫീസിന്റെ ചുമതലയിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതായി വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതു സംബന്ധിച്ച ഉത്തരവ് ഓഗസ്റ്റ് 17 നാണ് പുറപ്പെടുവിച്ചത്.

ലോക ജനസംഖ്യയിൽ 1.2 ബില്യൻ വരുന്ന കത്തോലിക്കാ കുടുംബങ്ങളിൽ വിവാഹ– കുടുംബ ജീവിതത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്‌ടിക്കുക എന്ന മാർപാപ്പയുടെ പ്രത്യേക താത്പര്യമാണ് പുതിയ ഓഫീസ് രൂപീകരിക്കുന്നതിനു പ്രേരിപ്പിച്ച ഘടകം.

വിവാഹത്തിന്റേയും കുടുംബ ജീവിതത്തിന്റേയും പ്രസക്‌തി കത്തോലിക്ക സഭയിൽ മാത്രമല്ല. സമൂഹത്തിലും നഷ്‌ടപ്പെട്ടു വരുന്നതു ആശങ്കാ ജനകമാണ്. ഈ വിപത്തിനെതിരെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പുതിയ സ്‌ഥാന ലബ്ദിയിൽ മാർപാപ്പയോടു നന്ദിയുള്ളതായി ഓഗസ്റ്റ് 17നു വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ബിഷപ് കെവിൻ പറഞ്ഞു.

2007 മാർച്ച് ആറിനായിരുന്നു ഡാളസ് ഡയോസിസിന്റെ ഏഴാമത് ബിഷപ്പായി കെവിൻ ഫാറൽ നിയമിതനായത്. മേയ് ഒന്നിനു ബനഡിക്ട് പതിനാറാമൻ ഡാളസിൽ സന്ദർശനം നടത്തിയിരുന്നു.

ബിഷപ് കെവിൻ ഡയോസിസിൽ ചുമതലയേൽക്കുമ്പോൾ 9,47,000 കത്തോലിക്ക വിശ്വാസികളാണുണ്ടായിരുന്നതെങ്കിൽ, വിവിധ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ കത്തോലിക്ക വിശ്വാസികൾ ഡയോസിസിൽ എത്തിയതോടെ അംഗ സംഖ്യ 1.3 മില്യനായി ഉയർന്നു.

പത്തു വർഷത്തോളം ഡാളസിൽ നിന്നും ലഭിച്ച സ്നേഹവും സ്നേഹിതരേയും വിട്ടു പോകേണ്ടി വന്നതിൽ വേദനയുണ്ടെന്നും പുതിയതായി ലഭിച്ച സ്‌ഥാനത്ത് കാര്യക്ഷമമായി പ്രവർത്തിക്കുവാൻ എല്ലാവരുടേയും പ്രാർഥന ബിഷപ് അഭ്യർഥിച്ചു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ