ഹില്ലരി ജയിച്ചാൽ ക്ലിന്റൺ ഫൗണ്ടേഷൻ വിദേശ ഫണ്ടിങ് സ്വീകരിക്കില്ലെന്നു ബിൽ ക്ലിന്റൺ
Saturday, August 20, 2016 6:57 AM IST
ന്യൂയോർക്ക്: ഹില്ലരി ക്ലിന്റൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ക്ലിന്റൺ ഫൗണ്ടേഷൻ വിദേശ കോർപറേറ്റ് ഫണ്ടിംഗ് സ്വീകരിക്കില്ലെന്നു ബിൽ ക്ലിന്റൺ. മാത്രവുമല്ല വർഷം തോറും നടത്താറുളള ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ് നവംബർ തെരഞ്ഞെടുപ്പു ഫലം എന്തായാലും തുടർന്നുണ്ടാവുകയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ക്ലിന്റൺ ഫൗണ്ടേഷൻ ജീവനക്കാരുടെ ഒരുയോഗത്തിലാണ് ഈ പ്രഖ്യാപനമെന്നു പേരു വെളിപ്പെടുത്താനാവാത്ത ഒരു വക്‌താവാണ് വിവരം നൽകിയത്.

ഫൗണ്ടേഷൻ അതിന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും എന്നാൽ പ്രവർത്തന മണ്ഡലം മാറുമെന്നും ക്ലിന്റൺ പറഞ്ഞു. ഇപ്പോൾ എഴുപതിലെത്തിയ ക്ലിന്റൺ ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡിൽ നിന്നൊഴിവാകുകയും ഇനി അമേരിക്കൻ പൗരന്മാരിൽ നിന്നും സ്വതന്ത്ര ധർമ സ്‌ഥാപനങ്ങളിൽ നിന്നും മാത്രം സംഭാവനകൾ സ്വീകരിക്കും.

ഇനി മുതൽ ഒരു വിദേശ അസ്‌ഥിത്വത്തിൽ നിന്നോ ഗവൺമെന്റിൽ നിന്നോ സ്വദേശ വിദേശ കോർപറേഷനുകളിൽ നിന്നോ, കോർപറേറ്റ് ചാരിറ്റികളിൽ നിന്നോ ധനസഹായം സ്വീകരിക്കില്ല. ക്ലിന്റൺ പ്രതിഫലം വാങ്ങിയുളള പ്രസംഗങ്ങളിൽ നിന്ന് നവംബർ വരെ വിട്ടു നിൽക്കും. ഹില്ലരി പ്രസിഡന്റായാൽ പിന്നീട് പ്രതിഫലം വാങ്ങി പ്രസംഗങ്ങൾ നടത്തില്ല. ഫൗണ്ടേഷന്റെ സ്റ്റാഫ് മീറ്റിംഗിൽ ക്ലിന്റൺ പറഞ്ഞത് തനിക്കോ തന്റെ മകൾ ചെൽസിക്കോ ഇത്തരമൊരു നിലപാട് സ്വീകരിക്കുവാൻ യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല എന്നാണ്. മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുവാനും ഹില്ലരി വൈറ്റ് ഹൗസിലേയ്ക്ക് മാറേണ്ടി വന്നാൽ എന്തെങ്കിലും സംശയം ആരിലെങ്കിലും ഉണ്ടാവാതിരിക്കുവാനും ആണ് ഈ തീരുമാനം എടുത്തതെന്നും ബിൽ ക്ലിന്റൺ പറഞ്ഞു.

ഹില്ലരിയുടെ പ്രചാരണത്തിൽ ഒരു കരി നിഴൽ വീഴ്ത്തിയിരുന്നത് ക്ലിന്റൺ ഫൗണ്ടേഷന്റെ ഭാവി ആയിരുന്നു. ക്ലിന്റൺ പ്രസിഡന്റ് സ്‌ഥാനം ഒഴിഞ്ഞതിനുശേഷം 2001 ൽ ആരംഭിച്ച വളരെ വ്യാപൃതമായ ചാരിറ്റി ഇതിനകം രണ്ടു ബില്യൺ ഡോളറെങ്കിലും ശേഖരിച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നത്. ആഗോള ആരോഗ്യം, കാലാവസ്‌ഥ വ്യതിയാനം, സാമ്പത്തിക വികാസം, സ്ത്രീകൾക്കും പെൺകുട്ടികൾക്കും കൂടുതൽ അവസരം എന്നിവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ.

2016 ൽ തന്റെ പ്രചരണം തുടരുമ്പോൾ ഹില്ലരി ഫൗണ്ടേഷന്റെ ബോർഡ് അംഗത്വം രാജിവച്ചെങ്കിലും ക്ലിന്റണും ചെൽസിയും നേതൃസ്‌ഥാനങ്ങളിൽ തുടർന്നു. ഈ നിലപാട് വിമർശകരിൽ നിന്നും ധാരാളം ചോദ്യങ്ങൾക്ക് കാരണമായി. ഹില്ലരി ജയിച്ചാൽ അപ്പോഴും ക്ലിന്റണും ചെൽസിയും നേതൃസ്‌ഥാനങ്ങളിൽ തുടരുമോ എന്ന ചോദ്യം ഇപ്പോഴും പ്രസക്‌തമാണ്.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്