ഐഎപിസി അന്താരാഷ്ര്‌ട മാധ്യമ സമ്മേളനം: കിക്ക്ഓഫ് ചെയ്തു
Saturday, August 20, 2016 6:59 AM IST
വാൻകൂവർ (കാനഡ): നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്തോ– അമേരിക്കൻ പ്രസ്ക്ലബ്ബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ര്‌ട മാധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഐഎപിസിയുടെ വിവിധ പ്രാദേശിക ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ കിക്ക് ഓഫ് ആരംഭിച്ചു.

കാനഡിയിലെ വാൻകൂവറിൽ നടന്ന കിക്ക് ഓഫിൽ ഐഎപിസി ദേശീയ എക്സിക്യൂട്ടിവീനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. മാത്യു ജോയിസ് മുഖ്യാതിഥിയായിരുന്നു. അന്താരാഷ്ര്‌ട മീഡിയ കോൺഫറൻസിനു മുന്നോടിയായി വാൻകൂവർ ചാപ്റ്റർ സംഘടിപ്പിച്ച കിക്ക് ഓഫ് വൻവിജയമാക്കിയ ചാപ്റ്റർ അംഗങ്ങളെ ഡോ. മാത്യു ജോയിസ് അഭിനന്ദിച്ചു.

ഒക്ടോബർ എട്ടു മുതൽ പത്തു വരെ കാനഡയിലെ നയാഗ്രയിലാണ് സമ്മേളനം. ഇതിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുക, ധനസമാഹരണ പദ്ധതികൾ, സമ്മേളന സൂവനീറിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇതോടൊപ്പം പുതിയ അംഗങ്ങളുടെ രജിസ്ട്രേഷനും നടന്നു. വാൻകൂവർ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. വാൻകൂവറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് സഹായകരമായ നിരവധി പദ്ധതികൾ യോഗം ആസൂത്രണം ചെയ്തു. ഒപ്പം തന്നെ, നയാഗ്രയിൽ നടക്കുന്ന അന്താരാഷ്ര്‌ട മാധ്യമസമ്മേളനത്തിന് എല്ലാവിധ പിന്തുണ നൽകാനും മാധ്യമസമ്മേളനം വൻവിജയമാക്കാനും യോഗം തീരുമാനിച്ചു. നോർത്ത് അമേരിക്കയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനെക്കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള പ്രശസ്തരായ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന കൺവൻഷൻ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകർക്ക് ഒരുമുതൽക്കൂട്ടായിരിക്കുമെന്നും യോഗം വിലയിരുത്തി.

ദേശീയ കമ്മിറ്റി അംഗം തമ്പാനൂർ മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാൻകൂവർ ചാപ്റ്റർ പ്രസിഡന്റ് റജിമോൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിശ്വനി കുമാർ എന്നിവർ സംസാരിച്ചു. ഒ.കെ. ത്യാഗരാജൻ, ജയറാം, മഞ്ജു കോരുത്, കെ. സുനിൽകുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജയ്സൺ മാത്യു