ദസറ: ആനകൾ ഇന്നെത്തും
Saturday, August 20, 2016 8:40 AM IST
മൈസൂരു: ദസറ ആഘോഷങ്ങൾക്കായുള്ള ആനകളുടെ ആദ്യസംഘം ഇന്നെത്തും. ഇത്തവണ 12 ആനകളാണ് ദസറയിൽ പങ്കെടുക്കുന്നത്. അമ്പാരി ആനയായ അർജുന, ബലരാമ, അഭിമന്യു, ഗജേന്ദ്ര, കാവേരി, വിജയ എന്നീ ആനകളാണ് ആദ്യസംഘത്തിലുള്ളത്. ഗോപാലസ്വാമി, വിക്രം, ഗോപി, ദുർഗപരമേശ്വരി, ഹർഷ, പ്രശാന്ത എന്നീ ആനകൾ ഉൾപ്പെട്ട രണ്ടാം സംഘം വരും ദിവസങ്ങളിൽ എത്തും.

ഹുൻസൂരിലെ ഗുരുപുര ഗ്രാമത്തിലുള്ള നാഗപുര ട്രൈബൽ ആശ്രമം സ്കൂളിൽ ഇന്നു രാവിലെ 11നു ഗജപായന ചടങ്ങ് നടക്കും. തുടർന്നാണ് ആനകൾ മൈസൂരുവിലേക്ക് പുറപ്പെടുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മൈസൂരിലെത്തുന്ന ആനകളെ യെൽവാലയിലെ അലോക കൊട്ടാരത്തിനു സമീപമുള്ള വനംവകുപ്പിന്റെ സ്‌ഥലത്താണ് ആദ്യം താമസിപ്പിക്കുന്നത്. തുടർന്നു് 26ന് ഔദ്യോഗികമായ ചടങ്ങുകളോടെ ആനകളെ മൈസൂരു കൊട്ടാരത്തിൽ പ്രവേശിപ്പിക്കും.

കൊട്ടാരത്തിൽ ആനകളുടെ സംരക്ഷണത്തിനായി വൻ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. കോടിസോമേശ്വര ക്ഷേത്രം, ഗായത്രീദേവി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇവയ്ക്ക് താമസസ്‌ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ആനകളെ പാർപ്പിക്കുന്ന പന്തലിൽ സിസിടിവി കാമറകളും സ്‌ഥാപിച്ചു. ആനകളുടെ മേൽനോട്ടത്തിനായി സർക്കാർ നിയമിച്ച വനംവകുപ്പ് ഡപ്യൂട്ടി കൺസർവേറ്ററാണ് സംരക്ഷണചുമതല വഹിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ 11 വരെയാണ് ദസറ.