ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയത്തിന്റെ ദശാബ്ദി ക്യതജ്‌ഞത സമർപ്പണവുമായി 12 മണിക്കൂർ ആരാധന
Monday, August 22, 2016 3:09 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ പത്തിനു ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി വരെ നീണ്ടുനിൽകുന്ന 12 മണിക്കൂർ ആരാധന നടത്തുന്നു. ഈ കഴിഞ്ഞ കാലഘട്ടങ്ങളിൽ ദൈവം നൽകിയ നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ യാചിക്കുവാനും, ഈ 12 മണിക്കൂർ ആരാധന പ്രയോജനപ്പെടുത്തണമെന്ന് ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 നു ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ദിവ്യബലിയോടെ ആരാധന ആരംഭിക്കും. തുടർന്നു വിവിധ കൂടാരയോഗങ്ങളുടേയും, മിനിസ്ട്രികളുടേയും നേത്യുത്വത്തിലും, വ്യക്‌തിപരമായ സാന്നിധ്യത്തിലും, ഏവർക്കും ആരാധനയിൽ സംബന്ധിക്കാവുന്നതാണ്. രാത്രി 8.30–നു റവ. ഫാ. പോൾ ചാലിശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആരാധനയുടെ സമാപനം നടത്തപ്പെടും.

ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിനു വെള്ളിയാഴ്ച വൈകുന്നേരം ഏഴിനു കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിക്കും. വിശുദ്ധ കുർബാനയെ തുടർന്നു കലാസന്ധ്യ ഉണ്ടായിരിക്കും.

സെപ്റ്റംബർ പതിനൊന്നുനു ഞായറാഴ്ച രാവിലെ 9:30 –നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും, തുടർന്നു പത്തിനു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടത്തപ്പെടുന്നു. മാർ മാത്യു മൂലക്കാട്ട്, മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ സഹകാർമ്മികത്വം വഹിക്കും. 11.45 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

<യ> റിപ്പോർട്ട്: ബിനോയി കിഴക്കനടി