തർഹീലിൽ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം കബറടക്കി
Monday, August 22, 2016 6:18 AM IST
റിയാദ്: റിയാദിലെ ഷുമേഷി തർഹീലിൽ കഴിയവെ മരിച്ച യുപി സ്വദേശി നസറുള്ള ഹോസിഹർ ഷേയ്ഖിന്റെ മൃതദേഹം റിയാദിൽ കബറടക്കി. 54 വയസായിരുന്നു.

കഴിഞ്ഞ എട്ടു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ താമസ രേഖകളൊന്നുമില്ലാതെ ഹുറുബിൽ അകപ്പെട്ടു കഴിയുകയായിരുന്നു നസറുള്ള. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന നസറുള്ള റിയാദിലെ ബത്തയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്തുവരുന്നതിനിടയിലാണ് ഈ മാസം ആദ്യം ജവാസത്തിന്റെ പരിശോധനയിൽ പിടിക്കപ്പെട്ട് ഷുമേഷി തർഹീലിലായത്. ഇഖാമയോ കഫീലിന്റെ കൃത്യമായ വിവരങ്ങളോ ഇല്ലാതിരുന്നതിനാൽ നാട്ടിലേക്ക് കയറ്റിവിടാൻ കാലതാമസം നേരിടുന്നതിനിടയിലാണ് 18നു നസറുള്ള രോഗബാധിതനായി തർഹീലിൽ മരിച്ചത്.

നിതാഖത് സമയത്ത് എംബസിയിൽ നിന്നു ലഭിച്ച ഒരു ഔട്ട്പാസ് മാത്രമാണ് നസറുള്ളയുടെ കൈവശമുണ്ടായിരുന്നത്. ആ സമയത്ത് നാട്ടിലേക്ക് തിരിച്ചു പോകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അതു പ്രയോജനപ്പെടുത്താതെ ഇവിടെതന്നെ അനധികൃതമായി തുടർന്നതാണ് നസറുള്ളക്ക് തിരിച്ചടിയായത്.

മരണവിവരമറിഞ്ഞു നജ്രാനിലുള്ള മകൻ മുഹമ്മദ് അഫ്താബും ഹായിലിലുള്ള ചില ബന്ധുക്കളും റിയാദിൽ എത്തുകയും തുടർ നടപടികൾക്കായി കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായം തേടുകയുമായിരുന്നു. കേളി ജീവകാരുണ്യവിഭാഗം കൺവീനർ കാപ്പിൽ ബാബുരാജിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച്ച റിയാദിൽ കബറടക്കി. റിയാദിൽ ഒരു പരിചയവും ഇല്ലാതിരുന്ന തങ്ങൾക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതന്ന കേളി ജീവകാരുണ്യപ്രവർത്തകർക്ക് നസറുള്ളയുടെ മകനും ബന്ധുക്കളും നന്ദി പറഞ്ഞു.

നിയമവിധേയമല്ലാതെ ജോലി ചെയ്യുന്നവരും നാട്ടിലേക്ക് തിരിച്ചു പോകാൻ കിട്ടുന്ന ഏതു അവസരവും പരമാവധി പ്രയോജനപ്പെടുത്താതെ ഇവിടെ തന്നെ തുടരുന്നവരും ഇത്തരം സംഭവങ്ങളെക്കുറിച്ച് ബോധവാൻമാരായാൽ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാൻ കഴിയും.