‘പ്രശ്നങ്ങൾ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തെ ഓജസോടെ അഭിമുഖീകരിക്കുക’
Monday, August 22, 2016 6:20 AM IST
കരോൾട്ടൻ(ഡാളസ്): പ്രശ്നങ്ങൾ പ്രകമ്പനം കൊളളിക്കുന്ന ജീവിതാനുഭവത്തിൽ അതിനെ ഓജസോടെ അഭിമുഖീകരിക്കുന്നവർക്കു മാത്രമേ ജീവിത വിജയം കണ്ടെത്തുന്നതിനും അതിലൂടെ ശാശ്വത സമാധാനവും സന്തോഷവും പ്രാപിക്കുന്നതിനും കഴിയുകയുളളൂ എന്ന് കൺവൻഷൻ പ്രാസംഗികനും മാർത്തോമ സഭയിലെ സീനിയർ പട്ടക്കാരനുമായ റവ. സി. ജെ. തോമസ്. കരോൾട്ടൻ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സുവിശേഷ കൺവൻഷന്റെ സമാപന ദിവസം വിശുദ്ധ കുർബാനയ്ക്കുശേഷം ‘വാക്കിംഗ് വിത്ത് ഗോഡ്’ എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പാപ മരണത്തിനധീനരായ മാനവജാതിയെ നിത്യ ജീവങ്കലേക്ക് ആനയിക്കുവാൻ മൂന്നാണികളിൽ തൂക്കപ്പെട്ടപ്പോൾ വസ്ത്രം പടയാളികൾക്കും മാതാവിനെ ശിക്ഷ്യന്മാർക്കും ആത്മാവിനെ പിതാവായ ദൈവത്തിനും ശരീരം അരിമത്യയിലെ ജോസഫിനും സ്വയമേ ക്രിസ്തുനാഥൻ ഏല്പിച്ചു കൊടുക്കുന്നു. ഈ സാഹചര്യത്തിലും ക്രിസ്തു നാഥനനുഭവിച്ച സമാധാനമാണ് ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നിരാശപ്പെട്ടുപോകാതെ ഓജസോടെ നിലനില്ക്കുവാൻ മനുഷ്യനു പ്രചോദനം നൽകുന്നത്.

ക്രിസ്തുവിനോടു കൂടെ സഞ്ചരിക്കുന്നവർ സമാധാനം അനുഭവിക്കുന്നവരും വിശുദ്ധ ജീവിതം നയിക്കേണ്ടവരുമാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കുന്ന ശരീരത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിക്കരുത്. ക്രിസ്തുവിന്റെ രക്‌തം കൊണ്ട് വിലയ്ക്കു വാങ്ങിയതാണ് ശരീരമെങ്കിൽ അതിനെ വിശുദ്ധിയോടെ സൂക്ഷിക്കുവാനും നാം ബാധ്യസ്‌ഥരാണ്. മരിച്ചിട്ടു ജീവിക്കുന്നവരായിരിക്കണം ക്രിസ്ത്യാനികളെന്നും അച്ചൻ ഓർമപ്പെടുത്തി.

കരോൾട്ടൻ മാർത്തോമ ഇടവക വികാരി റവ. വിജു വർഗീസ്, കൺവൻഷൻ കൺവീനർ സജി ജോർജ് എന്നിവർ പ്രസംഗിച്ചു. ഇടവക ട്രസ്റ്റിമാരായ ജൂബി അലക്സാണ്ടർ, മെർവിംഗ് ഏബ്രഹാം, സെക്രട്ടറി സജു കോര, മെറിൻ സാമുവൽ എന്നിവർ കൺവൻഷന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ