‘അശരണരുടെ കണ്ണീരൊപ്പാൻ ഒന്നിക്കുക’
Tuesday, August 23, 2016 6:25 AM IST
ദോഹ: നിരന്തരമായ നീതി നിഷേധങ്ങളും അവകാശ ലംഘനങ്ങളും ലോകത്ത് സംഘർഷങ്ങളുടേയും ദുരിതങ്ങളുടേയും തോത് വർധിപ്പിക്കുമ്പോൾ മനുഷ്യത്വത്തിന്റെ അടിസ്‌ഥാനത്തിൽ അശരണരുടെ കണ്ണീരൊപ്പാനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്നു മാധ്യമ പ്രവർത്തകനും ഖത്തറിലെ കൾചറൽ ഫോറം പ്രസിഡന്റുമായ താജ് ആലുവ. ഐക്യരാഷ്ര്‌ട സംഘടനയുടെ ലോക ജീവകാരുണ്യ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ് ഫ്രന്റ്സ് കൾചറൽ സെന്ററുമായി സഹരിച്ച് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ശക്‌തികളുടെ സാമ്പത്തിക താത്പര്യങ്ങളും നടപടികളുമാണ് പലപ്പോഴും ജീവിതം ദുസഹമാക്കുന്നത്. മാനവരാശിയുടെ സമാധാനപരമായ സഹവർതിത്വത്തിന് മത ജാതി രാഷ്ര്‌ടീയ കാഴ്ചപ്പാടുകൾക്കതീതമായി മനുഷ്യത്വത്തിലൂന്നിയ മുന്നേറ്റങ്ങൾക്ക് ശക്‌തിപകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടി ഉദ്ഘാടനം ചെയ്ത ബ്രാഡ്മ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹാഫിസ് പറഞ്ഞു. ലോകത്ത് സംഘർഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുമ്പോൾ ജീവകാരുണ്യ ദിനത്തിന്റെ പ്രസക്‌തി ഏറിവരികയാണെന്നും ഓരോ മനുഷ്യ സ്നേഹിയും ഈ രംഗത്ത് തന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഭാവി തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുകയും പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുകയും ചെയ്യുക എന്നത് ഓരോ വ്യക്‌തിയുടേയും സ്‌ഥാപനത്തിന്റേയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ മുഖ്യ പ്രായോജകരായ ബ്രാഡ്മ ഗ്രൂപ്പിനും സഹപ്രായോജകരായ അൽ സുവൈദ് ഗ്രൂപ്പിനുമുള്ള ഉപഹാരങ്ങൾ അക്കോൺ ഗ്രൂപ്പ് വെൻഞ്ച്വേഴ്സ് ചെയർമാൻ ശുക്കൂർ കിനാലൂർ വിതരണം ചെയ്തു. എം.ടി. നിലമ്പൂർ, ശുക്കൂർ കിനാലൂർ, നിയാസ് അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങര മോഡറേറ്റേറായിരുന്നു.