ഒസിഐ കാർഡ്; കാലതാമസം ഒഴിവാക്കണം: പിഎംഎഫ്
Tuesday, August 23, 2016 6:27 AM IST
ഡാളസ്: അമേരിക്കയിൽ പ്രവാസികളായി കഴിയുന്നവർക്ക് ഒസിഐ കാർഡ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു ഡാളസ് ഫോർടട് വർത്ത് പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ കോൺസൽ ജനറൽ, ഇന്ത്യൻ അംബാസഡർ, വിദേശകാര്യ മന്ത്രാലയം എന്നിവർക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 21നു വൈകുന്നേരം സ്റ്റോൺകാനിയനിൽ പിഎംഎഫ് പ്രസിഡന്റ് തോമസ് രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിഎംഎഫ് ഗ്ലോബൽ അഡ്വൈസറി ബോർഡ് മെംബർ പി.പി. ചെറിയാൻ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഒസിഐ കാർഡ് ലഭിക്കുന്നതിനുള്ള കാലദൈർഘ്യം മൂന്നു മാസത്തിലധികം വരുന്നത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് പല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ മരണവുമായി ബന്ധപ്പെട്ടു ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിധത്തിൽ ഇ വീസ ഫീസ് വർധിപ്പിച്ചതും പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വിയന്നയിൽ സെപ്റ്റംബർ അവസാനവാരം നടക്കുന്ന പിഎംഎഫ് ഗ്ലോബൽ കോൺഫറൻസിൽ കഴിയുന്നത്ര പ്രതിനിധികളെ പങ്കെടുപ്പിക്കുന്നിതിനും വിജയിപ്പിക്കുന്നതിനും ഒക്ടോബർ ആദ്യവാരം പിഎംഎഫ് കുടുംബാംഗങ്ങളുടെ പിക്നിക് നടത്താനും യോഗത്തിൽ തീരുമാനമായി.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി