യൂറോപ്പിലെ സീറോ മലബാർ ക്രൈസ്തവർക്ക് ആഹ്ലാദ നിമിഷം
Tuesday, August 23, 2016 6:30 AM IST
സൂറിച്ച്: യൂറോപ്പിൽ ചിതറികിടക്കുന്ന ഭാരത ക്രൈസ്തവരുടെ നിരന്തരമായ അഭ്യർഥനയെ തുടർന്നു റോമിൽനിന്ന് ബ്രിട്ടണു സ്വന്തമായ രൂപതയും ഇതര രാജ്യങ്ങളിൽ വസിക്കുന്ന ഭാരത ക്രൈസ്തവർക്ക് അപ്പസ്തോലിക വിസിറ്റേറ്ററെയും ലഭിച്ചത് ഏറെ സന്തോഷപ്രദമാണ്.

ശ്ലീഹൻമാരാൽ വ്യത്യസ്ത രാജ്യങ്ങളിൽ, വ്യത്യസ്ത സംസ്കാരങ്ങളിൽ രൂപംകൊണ്ട സഭകൾ വിശ്വാസത്തിൽ ഏകവും പാരമ്പര്യ, ആചാരാനുഷ്ഠാനങ്ങളിൽ വത്യസ്തതയും പുലർത്തി പോരുന്നു. മനുഷ്യൻ ബലം കൊണ്ട് കാര്യങ്ങൾ നേടിയിരുന്ന കാലത്ത് സമ്മർദ്ദങ്ങളുടെ ഫലമായി തനതായ വ്യക്‌തിത്വത്തിൽ നിന്ന് ഭാരതത്തിലെ സഭ മാറിപ്പോയതായി ചരിത്രത്തിൽ നാം കാണുന്നു.

എന്നാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ തീരുമാനം നമ്മെ ഏറെ സന്തോഷിപ്പിക്കുകയും നമ്മുടേത് മാത്രമായ വ്യക്‌തിത്വത്തെ പുനരുജ്‌ജീവിപ്പിക്കുവാൻ റോമ സിംഹാസനം നമ്മോടാവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം നമ്മുടെ സഭയെ ആർക്കി എപ്പി സ്കോപ്പൽ സഭയായി ഉയർത്തുകയും മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ള അധികാരങ്ങൾ സിനഡിനു നല്കിക്കൊണ്ടുള്ള ഉത്തരവ് റോമിൽനിന്ന് ഉണ്ടാകുകയും ചെയ്തു.
അങ്ങനെ പാത്രിയാർക്കീസിനു തുല്യമായ ആദ്യ ശ്രേഷ്ഠ മേത്രോപ്പോലീത്തയായി മാർ ജോർജ് ആലഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ കേരളത്തിനു പുറത്ത്, പ്രത്യേകിച്ച് ഇന്ത്യയ്ക്കു വെളിയിൽ യൂറോപ്പിൽ ന്യൂനപക്ഷമായി ജീവിക്കുന്ന സഭാ മക്കളുടെ ആത്മീയ ആവശ്യങ്ങൾ പഠിക്കുന്നതിനും അവയെ ക്രോഡീകരിക്കുന്നതിനും യൂറോപ്പിലെ ഭാരത ക്രൈസ്തവ സമൂഹം പലതവണ മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വെളിച്ചത്തിൽ യൂറോപ്പിലെ വിവിധ സഭാധ്യക്ഷന്മാരുമായി ചർച്ചകൾ നടത്തുന്നതിനും അവയെ എകീകരിക്കുന്നതിനും ഫാ. സ്റ്റീഫൻ ചിറപ്പണത്തേയും ഇംഗ്ലണ്ടിലെ നാല്പതിനായിരത്തിനു മുകളിൽ വരുന്ന സഭാ മക്കൾക്ക് ഇടയനായി ഫാ. ജോസഫ് സ്രാമ്പിക്കലിനേയും ബിഷപ്പുമാരായി നിയമിച്ചുകൊണ്ടും ഉത്തരവായി.

യൂറോപ്പിലെ മാർത്തോമ ക്രൈസ്തവർക്ക് അവരുടെ മാത്രം സ്വന്തമായ വ്യക്‌തിത്വവും സംസ്കാരവും കാത്തു സൂക്ഷിക്കുന്നതിനു ലഭിച്ച ഈ അവസരത്തിന് സ്വിറ്റ്സർലൻഡിലെ സീറോ മലബാർ സമൂഹം ദൈവത്തിനു നന്ദിയും എല്ലാവിധ പ്രാർഥനാ സഹായ, സഹകരണങ്ങളും ഉറപ്പുനല്കുന്നതായും സീറോ മലബാർ സ്വിസ് കോഓർഡിനേറ്റർ ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.

മെത്രാഭിഷേക ചടങ്ങുകളിൽ കഴിയുന്നത്രയും പേർ സ്വിസിൽ നിന്നും പങ്കെടുക്കാനും ഇതിനായി അഗസ്റ്റിൻ മാളിയേക്കൽ, ബേബി വട്ടപാലം എന്നിവരുമായി ബന്ധപ്പെടണമെന്നും ഫാ. തോമസ് പ്ലാപ്പള്ളി പറഞ്ഞു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ