കുവൈത്തിൽ ഫോൺ നിരക്കുകൾ കുറയ്ക്കാൻ നീക്കം
Tuesday, August 23, 2016 6:31 AM IST
കുവൈത്ത്: ഇന്റർനാഷണൽ കോൾ നിരക്ക് പുനഃക്രമീകരിക്കുവാൻ കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം നീക്കങ്ങൾ തുടങ്ങി. നിലവിൽ ഇന്ത്യയിലേക്ക് പ്രീപേയ്ഡ് ലൈനാണെങ്കിൽ ഒരു മിനിറ്റിനു 210 ഫിൽസും പോസ്റ്റ് പേയ്ഡ് ലൈനാണെങ്കിൽ ഒരു മിനിറ്റിനു 205 ഫിൽസുമാണ് ഈടാക്കുന്നത്. ജിസിസിയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്റർനാഷണൽ കോളുകൾക്ക് അധികമായ നിരക്കാണ് കുവൈത്തിൽ ഈടാക്കുന്നതെന്ന മുറവിളിക്ക് സമാശ്വാസമായാണ് ഇപ്പോഴത്തെ നീക്കം.

സോഷ്യൽ സൈറ്റുകളുടെയും മറ്റു വോഇപ് ആപ്പുകളുടെയും കടന്നുകയറ്റം ഇന്റർനാഷണൽ കോളുകളെയും വരുമാനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ കോളുകൾ വിളിക്കാൻ സാധിക്കുന്ന വാട്ട്സാപ്പ്, സ്കൈപ്പ്, വൈബർ ആപ്പുകളെ ചുരുക്കം ജിസിസി രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ടെങ്കിലും കുവൈത്തിൽ പ്രവർത്തനം ലഭ്യമാണ്. സ്വദേശികളേക്കാൾ രണ്ടിരിട്ടി കൂടുതലുള്ള വിദേശികളിൽ ഭൂരിഭാഗവും നിയമവിരുദ്ധമായ ഇന്റർനെറ്റ് ടെലിഫോണുകൾ ഉപയോഗിക്കുന്നത് ഒരു പരിധിവരെ പുതിയ തീരുമാനത്തോടെ നിയന്ത്രിക്കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

മൊബൈൽ, ലാൻഡ് ഫോൺ ഉപഭോക്‌താക്കൾക്ക് വാർത്താവിനിമയ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം എറെ നേട്ടമാകും. അതോടൊപ്പം അന്തരാഷ്ര്‌ട നിരക്ക് കുറയുന്നതോടെ ഉപയോഗം കൂടാനും കാരണമാകുമെന്നു മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ