ഭക്ഷണവും വെള്ളവും പണവും മരുന്നും കരുതി വയ്ക്കാൻ ജർമൻകാർക്ക് നിർദേശം
Tuesday, August 23, 2016 8:19 AM IST
ബർലിൻ: ശീതയുദ്ധ കാലത്തിനുശേഷം ഇതാദ്യമായി ജർമനിക്കാർ ഭക്ഷണം, വെള്ളം, മരുന്ന്, പണം എന്നിവയുടെ കരുതൽ ശേഖരം സൂക്ഷിക്കാൻ സർക്കാർ നിർദേശിക്കും. രാജ്യത്തിനെതിരേ സായുധ ആക്രമണം സംഭവിച്ചാൽ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം.

പുതിയ സിവിൽ ഡിഫൻസ് പ്ലാനിൽ ഈ നിർദേശം ഉൾപെടുത്തിയിട്ടുണ്ടെന്നാണ് സൂചന. പ്ലാനിന്റെ വിശദാംശങ്ങൾ വൈകാതെ സർക്കാർ പ്രഖ്യാപിക്കും.

പത്തു ദിവസത്തേയ്ക്കുള്ള ഭക്ഷണവും അഞ്ചു ദിവസത്തേയ്ക്കുള്ള വെള്ളവും എപ്പോഴും സൂക്ഷിക്കണമെന്നായിരിക്കും നിർദേശം. മരുന്ന്, ഊർജം, പണം എന്നിവയെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തെയും കരുതിയിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഈ വർഷം രാജ്യത്തുണ്ടായ നിരവധിയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സിവിൽ ഡിഫൻസ് പ്ലാൻ തയാറാക്കുന്നത്.

ജനങ്ങൾ സുരക്ഷരായിരിക്കണമെന്ന വ്യക്‌തമായ കാഴ്ചപ്പാടാണ് ജർമൻ സർക്കാരിനെ ഇത്തരമൊരു പദ്ധതി തയാറാക്കാൻ പ്രേരിപ്പിച്ചത്. അവശ്യ വസ്തുക്കളുടെ ശേഖരമാണ് ലക്ഷ്യമിടുന്നത്. ഏതുതരത്തിലുള്ള ഭീകരാക്രമണവും തരണം ചെയ്യാനുള്ള മെർക്കൽ സർക്കാരിന്റെ മുൻകൂട്ടിയുള്ള പദ്ധതി മുൻപ് 2012 ൽ പാർലമെന്ററി സമിതി ശിപാർശ ചെയ്തിരുന്നു. ഇതിന്റെ വിപുലമായ പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്. ജനങ്ങൾക്കു നൽകാനുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ അംഗീകരിച്ച് പുറത്തുവിടാനാണ് സാധ്യത. എന്തായാലും ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

എന്നാൽ, ഈ നിർദേശം അനാവശ്യമായി ഭീതി ജനിപ്പിക്കുന്നതാണെന്നും ആരോപണം ഉയരുന്നു. ഇടതുപക്ഷമായ ഡി ലിങ്കെ പാർട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ