കെഎച്ച്എൻഎ ഗ്ലോബൽ ഹിന്ദു സംഗമം: ജനറൽ കൺവീനർമാരെ തെരഞ്ഞെടുത്തു
Wednesday, August 24, 2016 2:03 AM IST
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സനാതനധർമ്മ പ്രചരണാർത്ഥം 2017 ജൂലൈ ഒന്നു മുതൽ നാലുവരെ സംഘടിപ്പിക്കുന്ന ലോക ഹിന്ദു മഹാസംഗമത്തിന്റെ ജനറൽ കൺവീനർമാരായി സതീശൻ നായർ (ഷിക്കാഗോ), ഗോവിന്ദൻ ജനാർദ്ദനൻ (ന്യൂയോർക്ക്), ഡോ. രവി രാഘവൻ (ലോസ്ആഞ്ചലസ്), അംബികാ ശ്യാമള (നോർത്ത് കരോളിന), ബിനു പണിക്കർ (ഡിട്രോയിറ്റ്) എന്നിവരെ ഡയറക്ടർ ബോർഡ് ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

സംഘടനയുടെ തുടക്കംമുതൽ സജീവ പ്രവർത്തകനും, ഡയറക്ടർ ബോർഡ് മെമ്പർ, ട്രസ്റ്റി ബോർഡ് വൈസ് ചെയർ എന്നീ നിലകളിൽ പ്രവർത്തിപരിചയമുള്ള വ്യക്‌തിയാണ് ഗോവിന്ദൻ ജനാർദ്ദനൻ. കെഎച്ച്എൻഎയുടെ തുടക്കംമുതലുള്ള സജീവ പ്രവർത്തകനും, രണ്ടു പ്രാവശ്യം വൈസ് പ്രസിഡന്റായും, ട്രസ്റ്റി ബോർഡ് മെമ്പറായും, പി.ആർ.ഒ ആയും സംഘടനയ്ക്കുവേണ്ടി പ്രവർത്തിക്കുന്നയാളാണ് സതീശൻ നായർ. ഡയറക്ടർ ബോർഡ് മെമ്പറായും, ട്രസ്റ്റി ബോർഡ് മെമ്പറായും കഴിവു തെളിയിച്ച വ്യക്‌തിയാണ് ഡോ. രവി രാഘവൻ. കെഎച്ച്എൻഎയുടെ യുവജന കുടുംബംഗമത്തിന്റെ ഇവന്റ് കമ്മിറ്റി ചെയർ ആയിരുന്നു അംബികാ ശ്യാമള. കെ.എച്ച്.എൻ.എ മിഷിഗൺ ചാപ്റ്ററിന്റെ സജീവ പ്രവർത്തകനാണ് ബിനു പണിക്കർ. വിവിധ സംഘനാ പ്രവർത്തനങ്ങളിലൂടെ കഴിവു തെളിയിച്ചിട്ടുള്ള ഇവർ ഏവരും കെഎച്ച്എൻഎയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായിരിക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രൻ നായർ പറഞ്ഞു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം