‘പ്രവാസ ജീവിതം മഹത്വരം’
Wednesday, August 24, 2016 7:02 AM IST
ജിദ്ദ: ലോകത്തു പ്രബോധന പ്രവർത്തനങ്ങൾക്കുവേണ്ടി നിയോഗിതരായ പ്രവാചകൻമാരിൽ പലരും പ്രവാസ ജീവിതം നയിച്ചിരുന്നവരായിരുന്നെന്നും നല്ല ഉദ്ദേശത്തോടു കൂടി യാത്ര ചെയ്യുന്നതും ഉപജീവന മാർഗത്തിനുവേണ്ടി പ്രവാസിയാവുന്നതും ഇസ്ലാമിൽ വളരെ മഹത്തരമുള്ള കാര്യമാണെന്നും യുവ പണ്ഡിതനും പ്രമുഖ വാഗ്മിയുമായ മുസ്തഫ ഹുദവി ആക്കോട്. ജിദ്ദ ഇസ്ലാമിക് സെന്റർ ഷറഫിയ ഇംപാല ഗാർഡൻ വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘പ്രവാചക ദർശനത്തിലെ പ്രവാസി’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്നു കേരളം പോലുള്ള സംസ്‌ഥാങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയുടെ അടിസ്‌ഥാന കാരണമെന്നും പ്രവാസി സഹോദരങ്ങൾ തിരക്കുകൾക്കിടയിൽ തങ്ങളുടെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും നവമാധ്യമങ്ങളുടെ ദുരുപയോഗം പല പ്രവാസി കുടുംബങ്ങളിലും അരാജകത്വവും പ്രശ്നങ്ങളും ശ്രഷ്‌ടിക്കുന്നതായും അദ്ദേഹം ഓർമപെടുത്തി.

പരിപാടി സയിദ് സഹൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയിദ് ഉബൈദുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതൻ അബ്ദുസലാം ഫൈസി ഒളവട്ടൂർ ആമുഖ പ്രഭാഷണം നടത്തി. എം.സി. സുബൈർ ഹുദവി, സവാദ് പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു. മുസ്തഫ ബാഖവി ഊരകം, അബ്ദുൽ കരീം ഫൈസി കീഴാറ്റൂർ, അബ്ദുള്ള കുപ്പം, മുജീബ് റഹ്മാനി, മുസ്തഫ ഹുദവി കൊടക്കാട്, മൊയ്തീൻ കുട്ടി അരിമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ