യുഎസ് പോസ്റ്റൽ സർവീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കും
Wednesday, August 24, 2016 7:03 AM IST
വാഷിംഗ്ടൺ: അമേരിക്കയിലെ ഹൈന്ദവസമൂഹത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് യുഎസ് പോസ്റ്റൽ സർവീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കുന്നു. ഓഗസ്റ്റ് 23നു പോസ്റ്റൽ അധികൃതരാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ക്രൈസ്തവ, മുസ്ലിം ആഘോഷങ്ങളെ അനുസ്മരിക്കുന്ന പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നുവെങ്കിലും ആദ്യമായാണ് ഹൈന്ദവ ആഘോഷങ്ങളുടെ ഭാഗമായ ദീപാവലിയെ അനുസ്മരിക്കുന്നതിനു യുഎസ് പോസ്റ്റൽ സർവീസ് സ്റ്റാമ്പു പുറത്തിറക്കിയത്. ഒരു സംഘം യുഎസ് കോൺഗ്രസ് അംഗങ്ങളും ഹൈന്ദവസമൂഹവും ഒത്തൊരുമിച്ചു കഴിഞ്ഞ 12 വർഷമായി നടത്തുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് യുഎസ് പോസ്റ്റൽ സർവീസ് ഇങ്ങനെയൊരു തീരുമാനം അംഗീകരിച്ചത്.

ഓരോ വർഷവും സിറ്റിസൺ സ്റ്റാമ്പ് അഡ്വൈസറി കമ്മിറ്റി മുമ്പാകെ ഏകദേശം 40,000 പുതിയ സ്റ്റാമ്പുകൾക്കുള്ള അപേക്ഷകളാണ് ലഭിക്കുന്നതെങ്കിലും 25 എണ്ണം മാത്രമാണ് പോസ്റ്റുമാസ്റ്റർ ജനറലിന് സമർപ്പിക്കുകയെന്ന് യുഎസ് പോസ്റ്റൽ പ്രതിനിധി മാർക്ക് സാന്റേഴ്സ് പറഞ്ഞു.

ന്യൂയോർക്കിൽനിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി കരോളിൻ മെലനിയാണ് കഴിഞ്ഞ വർഷം ദീപാവലി സ്റ്റാമ്പിന് അനുകൂലമായി റെസലൂഷൻ കോൺഗ്രസിൽ അവതരിപ്പിച്ചത്.

ഒരിഞ്ചു സമചതുരത്തിലുള്ള സ്റ്റാമ്പിന്റെ ഡിസൈൻ ഹൈന്ദവനേതാക്കളുമായി ചർച്ച ചെയ്താണ് അംഗീകരിച്ചത്. ദീപാവലി സ്റ്റാമ്പ് ഒക്ടോബർ അഞ്ചു മുതൽ പോസ്റ്റോഫീസുകളിൽ നിന്നും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഫോർ എവർ സ്റ്റാമ്പായിട്ടാണ് ദീപാവലി സ്റ്റാമ്പ് അംഗീകരിച്ചിരിക്കുന്നത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ