യുഎഇ ഇന്ത്യയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തി: ടി.പി. സീതാറാം
Wednesday, August 24, 2016 8:14 AM IST
അബുദാബി: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ നടത്തിയിരിക്കുന്നതെന്നു ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം. ഇന്ത്യൻ മീഡിയ അബുദാബി നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാര ബന്ധങ്ങൾക്കപ്പുറത്തു തന്ത്രപരമായ മേഖലകളിൽ ഇന്ത്യയുമായി ബന്ധങ്ങൾ സ്‌ഥാപിക്കാൻ യുഎഇ തയാറായത് പരസ്പര വിശ്വാസത്തിന്റെ തെളിവാണ്. ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണാൻ യുഎഇ യെ പ്രേരിപ്പിച്ചഘടകങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ കഠിനാധ്വാനവും വിശ്വസ്തയുമുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ഉന്നതതല സംഘങ്ങളുടെ തുടർച്ചയായ സന്ദർശങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. ഇന്ത്യയിലെ ഡിഫൻസ് കോളജ് വിദ്യാർഥികൾക്ക് യുഎഇ ഡിഫൻസ് മേഖലയിൽ പഠനസന്ദർശനം സാധ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ തന്ത്രപരമായ സംഭരണം നടത്തുന്നതിന്റെയും ഇന്ത്യയിലെ പെട്രോളിയം കമ്പനികളിലേക്ക് നിക്ഷേപം കണ്ടെത്തുന്നതിന്റെയും ചർച്ചകൾക്കാണ് പെട്രോളിയം മന്ത്രാലയത്തിന്റെ സംഘം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യയിലേക്ക് ഈ വർഷം ഇറക്കുമതി ചെയ്തെങ്കിലും 47 ശതമാനം കുറഞ്ഞ നിരക്കാണ് നൽകേണ്ടിവന്നത്.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയത്തിന്റെയും അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെയും പ്രതിനിധികൾ ഉൾക്കൊള്ളുന്ന സംയുക്‌ത സാമ്പത്തിക സഹകരണ സമിതിക്ക് പ്രാഥമിക രൂപമായി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്നു ഇരുരാജ്യങ്ങൾക്കും ഇടയിൽ ഉഭയകക്ഷി നീക്കങ്ങൾക്കു ആക്കം വർധിപ്പിച്ചതായി അംബാസഡർ പറഞ്ഞു.

ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നവംബറിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ, ഡിസംബറിൽ നടക്കുന്ന നാഷണൽ ഡേ പരിപാടികളിൽ ഇന്ത്യൻ കലാരൂപങ്ങളുടെ അവതരണമുണ്ടാകും.

കേരളത്തിൽ യുഎഇ കോൺസലേറ്റ് സ്‌ഥാപിച്ചതിലൂടെ ദക്ഷിണേന്ത്യയിൽ വൻ നിക്ഷേപസാധ്യതകൾക്കാണ് വാതിൽ തുറന്നിരിക്കുന്നത്. വാണിജ്യ വിനോദ സഞ്ചാര ആരോഗ്യ മേഖലകളിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള കൂടുതൽ ആഴമേറിയ ബന്ധങ്ങൾക്ക് ഇത് സാഹചര്യമൊരുക്കും. ആരോഗ്യ വിനോദ സഞ്ചാര മേഖലയിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കേരളം വലിയ സാധ്യതകൾക്കു സാക്ഷ്യം വഹിക്കുമെന്നു അംബാസഡർ വെളിപ്പെടുത്തി. എന്നാൽ തെരുവുനായ്ക്കൾ ഉൾപെടെയുള്ള പ്രതിലോമ വാർത്തകൾ അന്തർദേശീയ മാധ്യമങ്ങളിൽ വരുന്ന സാഹചര്യം കേരളത്തിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇന്ത്യൻ മീഡിയ അബുദാബിയുടെ ഉപഹാരം ഡോട്ട് ക്രീയേറ്റീവ് കലാകാരൻ തൃശൂർ പെരിഞ്ഞനം സ്വദേശി നദീം മുസ്തഫ വരച്ച പേന കൊണ്ടുള്ള പതിനായിരക്കണക്കിനു കുത്തുകൾ കൊണ്ട് തയാറാക്കിയ രേഖാചിത്രം അംബാസഡറിനു സമ്മാനിച്ചു. ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, വൈസ് പ്രസിഡന്റ് ടി.പി. ഗംഗാധരൻ, ജോയിന്റ് സെക്രട്ടറി ഹഫ്സൽ അഹ്മദ്, ട്രഷറർ സമീർ കല്ലറ, ജോണി തോമസ്, സിബി കടവിൽ, അശ്വിനി കുമാർ, എസ്.എം. നൗഫൽ, അഹ്മദ് കുട്ടി, റസാഖ് ഒരുമനയൂർ എന്നിവർ സംസാരിച്ചു.