നാലുവയസുകാരൻ വിഴുങ്ങിയ വിഗ്രഹം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു
Thursday, August 25, 2016 6:38 AM IST
ബംഗളൂരു: നാലുവയസുകാരന്റെ വയറ്റിൽ അകപ്പെട്ട ചെറുവിഗ്രഹം ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. റായ്ച്ചൂരിലെ ആശുപത്രിയിലാണ് സംഭവം. സ്കൂൾ അധ്യാപകനായ കാശിനാഥിന്റെ മകൻ സായ്പ്രകാശ് ആണ് അന്നപൂർണേശ്വരീ വിഗ്രഹം വിഴുങ്ങിയത്. കാശിയിൽ പോയിവന്ന അയൽക്കാർ സായ്പ്രകാശിനു സമ്മാനിച്ചതാണ് വിഗ്രഹം. ഇളയസഹോദരിക്കൊപ്പം കളിക്കുന്നതിനിടെ അറിയാതെ ബാലൻ വിഗ്രഹം വിഴുങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ വയറ്റിൽ വിഗ്രഹമുള്ളതായി എക്സ്റേയിൽ തെളിഞ്ഞു.

ഭാഗ്യവശാൽ വിഗ്രഹം ചെറുകുടലിൽ എത്തിയിരുന്നില്ല. വിഗ്രഹത്തിൽ നിന്ന് ഹാനികരമായ രാസവസ്തുക്കൾ കുട്ടിയുടെ ശരീരത്തിലെത്താൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം അതു പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തുന്നത് കുട്ടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു വിലയിരുത്തിയ ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധർ ശസ്ത്രക്രിയ കൂടാതെ തന്നെ വിഗ്രഹം പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

എൻഡോസ്കോപ്പിൽ പ്രത്യേക വലപോലെയുള്ള ഉപകരണം ഘടിപ്പിച്ച ശേഷം വായിലൂടെ കടത്തിയാണ് വിഗ്രഹം പുറത്തെടുത്തത്. അന്നനാളത്തിൽ മുറിവുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുപതു മിനിറ്റ് കൊണ്ട് സൂക്ഷ്മതയോടെയാണ് വിഗ്രഹം എടുത്തത്. കുട്ടി സുഖമായിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.