ഇറ്റലിയിലെ ഭൂകമ്പം: തുടർ ചലനങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പ്
Thursday, August 25, 2016 8:14 AM IST
റോം: ഇറ്റലിയിൽ ബുധനാഴ്ച അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ അനുരണനങ്ങൾ അനുഭവപ്പെട്ടത് ക്രൊയേഷ്യയിലും സ്വിറ്റ്സർലൻഡിലും വരെ. ഈ ഭൂകമ്പത്തിന്റെ തുടർ ചലനങ്ങൾ വരും ദിവങ്ങളിലും പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇറ്റലിയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 240 ആയി. 368 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 6.2 തീവ്രത രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനമാണ് മധ്യ ഇറ്റലിയിൽ രേഖപ്പെടുത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നും 150 കിലോമീറ്റർ അകലെയുള്ള റോമിലും തുടർ ചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

മലയോര പ്രദേശങ്ങളിലുള്ള മൂന്നു ഗ്രാമങ്ങളിലാണ് കൂടുതൽ പേർ മരിച്ചിരിക്കുന്നത്. പുലർച്ചെ 3.40നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഇത് 5.4 തീവ്രത രേഖപ്പെടുത്തിയതായിരുന്നെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്‌തമാക്കി. പുലർച്ചെ ആയിരുന്നതിനാൽ ജനങ്ങൾ ഉറക്കത്തിലായിരുന്നു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരങ്ങൾ.

നിരവധി കെട്ടിടങ്ങളും പാലങ്ങളും ഭൂചലനത്തെ തുടർന്നു തകർന്നിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്നു താറുമാറായ വാർത്ത വിനിമയ സംവിധാനങ്ങൾ ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.

2009നു ശേഷം ഇറ്റലിയിലുണ്ടാകുന്ന ഏറ്റവും വലിയ ഭൂകമ്പമാണിത്. ലാ അക്വിലാ മേഖലയിലാണ് 2009ൽ ഭൂകമ്പം ഉണ്ടായത്. അന്നു മുന്നൂറു പേരാണ് മരിച്ചത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ